സംസ്ഥാനത്ത് ഒന്നരമാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 14 പേർ മരിച്ചു. ഇതുവരെ 100 പേർ രോഗബാധിതരായി. 11 ദിവസത്തിനിടെ 3 മരണം സ്ഥിരീകരിച്ചു.
ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 48 കാരി കശുവണ്ടി തൊഴിലാളി മരിച്ചു. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്. രോഗം ബാധിച്ച 10 പേർ ചികിത്സയിൽ ഉണ്ട്.
അതിനിടെ മല്‍സ്യം വളര്‍ത്തുന്ന ജലാശയങ്ങളില്‍ ക്ലോറിനൈസ് ചെയ്യാന്‍ അനുവദിക്കാത്തത് അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാനുളള നടപടികൾക്ക് തിരിച്ചടിയാകുന്നുണ്ട്. മൽസ്യങ്ങളുള്ള കിണറ്റിൽ അമീബ വളരില്ലെന്ന ധാരണ തെറ്റാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
അതേസമയം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്. രോഗം സംശയമുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
















