പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് നിർമ്മിക്കാനുദ്ദേശിക്കുന്ന റോപ് വേ പദ്ധതിക്കായുള്ള കേന്ദ്ര സംഘത്തിന്റെ പരിശോധന പൂർത്തിയായി. ഒരാഴ്ചയ്ക്കുള്ളിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. റോപ് വേ യാഥാർത്ഥ്യമാകുന്നതോടെ സന്നിധാനത്തേക്കുള്ള ചരക്കുനീക്കം എളുപ്പമാകും. അത്യാവശ്യ ഘട്ടങ്ങളിൽ രോഗികളെ സന്നിധാനത്ത് നിന്ന് വേഗത്തിൽ പമ്പയിലേക്ക് എത്തിക്കുന്നതിനും പദ്ധതി സഹായകരമാകും.
ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് റോപ് വേ പദ്ധതി അനുമതിക്കായുള്ള കേന്ദ്ര പരിശോധന. കേന്ദ്ര വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ സന്നിധാനം തുടങ്ങി പമ്പ ഹിൽടോപ്പ് വരെയുള്ള ഭാഗം പരിശോധിച്ചു.
ടവറുകൾ സ്ഥാപിക്കുന്ന ഓരോ ഭാഗവും പ്രത്യേകം അടയാളപ്പെടുത്തി. വിശദമായ രൂപരേഖ പെരിയാർ കടുവാ സങ്കേതത്തിലെയും, റാന്നി വനം ഡിവിഷനിലെയും ഉദ്യോഗസ്ഥർ കേന്ദ്ര സംഘത്തിനോട് വിശദീകരിച്ചു.
വനം വകുപ്പിന്‍റേത് ഉള്‍പ്പെടെ രണ്ട് വട്ട അന്തിമ പരിശോധന കൂടി പൂർത്തിയായാൽ നിർമാണം തുടങ്ങാനാവും. ഇരുപത്തി നാല് മാസം കൊണ്ട് പദ്ധതി യാഥാർഥ്യമാക്കും.
















