കഞ്ചാവുമായി ആവശ്യക്കാരെ കാത്തുനിന്ന കോഴിക്കോട് സ്വദേശി ചെങ്ങന്നൂർ പൊലീസിൻ്റെ പിടിയിലായി. കോഴിക്കോട് കൊടിയത്തൂർ സ്വദേശി അംജത് ഖാൻ (30) ആണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്.
ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് സമീപത്ത് നിന്ന ഇയാളിൽ നിന്ന് 1116 ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്.
ഇന്നലെ നൈറ്റ് പെട്രോളിംഗിനിറങ്ങിയ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ സംശയം തോന്നി ബാഗും മറ്റും പരിശോധിച്ച് കഞ്ചാവ് കണ്ടെത്തിയത്.
ആവശ്യക്കാർക്ക് ചില്ലറയായി വിൽപ്പന നടത്താൻ വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
അതേസമയം ഇയാൾ സഞ്ചരിച്ച കൊടുവള്ളി രജിസ്ട്രേഷനിലുള്ള മോട്ടോർസൈക്കിളും പൊലീസ് പിടിച്ചെടുത്തു. ഇയാൾക്ക് കഞ്ചാവ് ലഭിച്ച വഴിയെക്കുറിച്ചും ഇയാളുടെ സുഹൃദ് വലയത്തെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ എസ്.എച്ച്.ഒ. വിപിൻ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















