ഷാഫി പറമ്പിൽ എം പിക്ക് പോലീസ് മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സമരങ്ങൾക്കിടയിൽ പരിക്കുകൾ ഏൽക്കും, അത് പുതിയ സംഭവമല്ല. ലോകത്ത് ആദ്യമായി നടക്കുന്ന കാര്യവുമല്ല. കോൺഗ്രസ് സമരം ചെയ്യുമ്പോൾ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
തനിക്ക് ഉൾപ്പടെ പലർക്കും നേരത്തെ മർദ്ദനമേറ്റിട്ടുണ്ട്. ചില ചാനലുകൾ ഷാഫിക്ക് പരുക്കേറ്റു എന്ന് വാർത്ത കൊടുക്കുന്നത് കണ്ടാൽ തോന്നും ഇതൊക്കെ കേരളത്തിൽ അദ്യമായി നടക്കുന്നതാണെന്ന്. സമരം ഉണ്ടാകുമ്പോൾ സംഘർഷമുണ്ടാകുന്നതും പൊലീസ് ഇടപെടുന്നതുമൊക്കെ പണ്ട് മുതലേയുള്ള കാര്യമാണ്. എങ്കിൽ ഇനി കോൺഗ്രസുകാർ സമരം ചെയ്യുമ്പോൾ പൊലീസുകാർക്ക് ഒരു കുട്ട പൂവ് വാങ്ങി കൊടുക്കുന്നതാവും നല്ലതെന്ന് മന്ത്രി പരിഹസിച്ചു. നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പൊലീസ് കൈകാര്യം ചെയ്യും, അത് ഞാൻ സമരം ചെയ്ത കാലത്തും അങ്ങനെ തന്നെയാണ്- ശിവൻകുട്ടി പറഞ്ഞു.
ഷാഫി പറമ്പിലിനെതിരെ മാത്രമല്ല, പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. കാണിച്ചു തരാമെന്ന തരത്തിലുള്ള പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി കേരളത്തിൽ വിലപ്പോവില്ലെന്നും, ആ വെല്ലുവിളിയെ പുച്ഛത്തോടെയാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
















