ഡൽഹി: അഫ്ഗാൻ എംബസിയിലെ വാർത്താസമ്മേളനത്തിൽ സ്ത്രീകളെ ഒഴിവാക്കിയത് താലിബാൻ നിർദ്ദേശ പ്രകാരമെന്നാണ് സൂചന. ഇന്ത്യാ സന്ദർശനത്തിനെത്തിയ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി പങ്കെടുത്ത പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
പത്രസമ്മേളനം സംഘടിപ്പിച്ചതിലോ അതിൽ ആരെ പങ്കെടുപ്പിക്കണം എന്ന് തീരുമാനിച്ചതിലോ ഇന്ത്യക്ക് യാതൊരു പങ്കുമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന വിശദീകരണം. സ്ത്രീകളെ ഒഴിവാക്കിയത് താലിബാൻ നിർദ്ദേശ പ്രകാരമെന്നാണ് സൂചന.താലിബാനാണ് ഇക്കാര്യം നിശ്ചയിച്ചതെന്ന് എംബസിയിലെ നിലവിലെ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. വാർത്താസമ്മേളനം ഹോട്ടലിൽ നടത്തണം എന്ന് താലിബാനെ എതിർക്കുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എംബസിയിൽ ഇത് നടത്തിയത് സ്ത്രീകളെ ഒഴിവാക്കാനെന്ന് എംബസി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മനപൂർവ്വം ഒഴിവാക്കിയതല്ലെന്ന് താലിബാൻ പ്രതികരിച്ചിരുന്നു.
എന്നാൽ താലിബാൻ പത്രസമ്മേളനത്തിൽ നിന്നും വനിതാ മാധ്യമപ്രവർത്തകരെ മനഃപൂർവം ഒഴിവാക്കിയെന്ന ആരോപണം താലിബാൻ രാഷ്ട്രീയ കാര്യാലയം തലവൻ സുഹൈൽ ഷഹീൻ നിഷേധിച്ചു. ഇത് അശ്രദ്ധമായി സംഭവിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. അഫ്ഗാനിസ്ഥാനിലെ മാധ്യമ സ്ഥാപനങ്ങളിൽ വനിതാ മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്നുണ്ട്. മുത്തഖി സാഹിബ് പതിവായി കാബൂളിലെ തൻ്റെ ഓഫീസിൽ വെച്ച് വനിതാ മാധ്യമപ്രവർത്തകരെയും പ്രതിനിധികളെയും കാണാറുണ്ടെന്നും ഒരു നിയന്ത്രണവുമില്ലെന്നുമാണ് സുഹൈൽ ഷഹീൻ വിശദീകരിക്കുന്നത്.
















