ഡൽഹി: അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്കും ക്ഷണം. നേരത്തേ ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ ജേണലിസ്റ്റുകളെ ഒഴിവാക്കിയതിൽ എങ്ങും വലിയ പ്രതിഷേധമാണ് ഉയർന്നത്.
വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽവെച്ച് മുത്താഖി നടത്തിയ വാർത്താസമ്മേളനത്തിലാണ് വനിതാ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിക്കാതിരുന്നത്. താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ പ്രതിഫലിപ്പിക്കുന്നതാണ് നടപടിയെന്ന് കാണിച്ച് രാജ്യത്തിനകത്തും പുറത്തും കടുത്ത പ്രതിഷേധം ഉയർന്നു.
അഫ്ഗാൻ എംബസിയിലെ വാർത്താസമ്മേളനത്തിൽ സ്ത്രീകളെ ഒഴിവാക്കിയത് താലിബാൻ നിർദ്ദേശ പ്രകാരമായിരുന്നുവെന്നാണ് സൂചന. താലിബാനാണ് ഇക്കാര്യം നിശ്ചയിച്ചതെന്ന് എംബസിയിൽ നിന്നും ലഭിച്ച വിവരം. എന്നാൽ മനപൂർവ്വം ഒഴിവാക്കിയതല്ലെന്നാണ് താലിബാൻ പ്രതികരിച്ചത്. ഇന്ത്യക്കെതിരെയും ഇക്കാര്യത്തിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ പത്രസമ്മേളനം സംഘടിപ്പിച്ചതിലോ അതിൽ ആരെ പങ്കെടുപ്പിക്കണം എന്ന് തീരുമാനിച്ചതിലോ ഇന്ത്യക്ക് യാതൊരു പങ്കുമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകിയ വിശദീകരണം.
















