ന്യൂഡൽഹി: താലിബാന്റെ തിരിച്ചടിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ബഹ്‌റാംപൂര്‍ ജില്ലയിലെ ഡ്യൂറന്‍ഡ് ലൈനിന് സമീപം കഴിഞ്ഞ രാത്രി അഫ്ഗാന്‍ സേന നടത്തിയ പ്രത്യാക്രമണത്തിനിടെയാണ് 15 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഹെല്‍മന്ദ് പ്രവിശ്യാ ഗവണ്‍മെന്റിന്റെ വക്താവ് മൗലവി മുഹമ്മദ് ഖാസിം റിയാസ് ആണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
താലിബാന്റെ തലസ്ഥാനമായ കാബൂൾ ഉൾപ്പെടെയുള്ള അഫ്ഗാനിസ്താനിലെ വിവിധ പ്രദേശങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയെന്നോണമായിരുന്നു താലിബാന്റ ആക്രമണം. പാക്-അഫ്ഗാൻ അതിർത്തികളിലെ ചെക് പോസ്റ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ഭൂരിഭാഗം ആക്രമണങ്ങളും. ഈ ഓപ്പറേഷനില്‍ പാകിസ്താന്റെ മൂന്ന് സൈനിക ഔട്ട്പോസ്റ്റുകള്‍ പിടിച്ചെടുത്തതായും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും കൂട്ടിച്ചേര്‍ത്തു.
കാബൂള്‍, പക്തിക പ്രവിശ്യകളില്‍ പാകിസ്താന്‍ അടുത്തിടെ നടത്തിയ വ്യോമാക്രമണങ്ങളില്‍ 30 തീവ്രവാദികളെ വധിച്ചുവെന്ന് പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. അതിന് തിരിച്ചടിയായി ഹെല്‍മന്ദ്, കാണ്ഡഹാര്‍, സാബൂള്‍, പക്തിക, പക്തിയ, ഖോസ്റ്റ്, നംഗര്‍ഹാര്‍, കുനാര്‍ എന്നീ പ്രവിശ്യകളിലെ പാകിസ്താന്‍ പോസ്റ്റുകള്‍ക്ക് നേരെ അഫ്ഗാന്‍ സേന ആക്രമണം നടത്തി. ഈ പ്രവിശ്യകളെല്ലാം പാകിസ്താന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.
അഫ്ഗാനിസ്താന്‍-പാക് ബന്ധം ദിവസങ്ങള്‍ കഴിയും തോറും വഷളായി വരികയാണ്. അഫ്ഗാനിസ്താനെ ഉപയോഗിച്ച് പാകിസ്താനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇന്ത്യയാണെന്നാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വാദം. അഫ്ഗാനിസ്താന്‍ പാകിസ്താന്റെ ‘ഒന്നാം നമ്പര്‍ ശത്രുവെന്നും ആസിഫ് പ്രഖ്യാപിച്ചു. ദശലക്ഷക്കണക്കിന് വരുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് ദശാബ്ദങ്ങളായി പാകിസ്താന്‍ ‘അമിതമായ ആതിഥ്യം’ നല്‍കി വഞ്ചിക്കപ്പെട്ടു എന്നാണ് അദ്ദേഹം പറയുന്നത്.
അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിക്ക് ഇന്ത്യയില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണം പാകിസ്താന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. താലിബാന് മേലുള്ള തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് പാകിസ്താന്‍ ഭയക്കുന്നു. പാകിസ്താനെ വെല്ലുവിളിച്ചാല്‍ ഇന്ത്യയും അഫ്ഗാനിസ്താനും കടുത്ത പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നാണ് ഖ്വാജ ആസിഫിന്റെ വാദം.
















