ന്യൂഡൽഹി: ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം പറഞ്ഞു. അതിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി സ്വന്തം ജീവൻ തന്നെ വിലയായി നൽകിയെന്നും ചിദംബരം പറഞ്ഞു. ഹിമാചൽ പ്രദേശിലെ കസൗലിയിൽ നടന്ന പരിപാടിയിലാണ് ചിദംബരത്തിന്റെ പരാമർശം.
സൈന്യം, പൊലീസ്, ഇന്റലിജൻസ്, സിവിൽ സർവീസ് എന്നിവയുടെ സംയുക്ത തീരുമാനമായിരുന്നു ഓപ്പറേഷൻ ബ്ലൂ സ്റ്റാർ. ഇതിന് ഇന്ദിരാ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും ചിദംബരം പറഞ്ഞു. മാധ്യമപ്രവർത്തകനായ ഹരീന്ദർ ബവെജ രചിച്ച ‘ദെ വിൽ ഷൂട്ട് യു, മാഡം’ എന്ന പുസ്തകത്തെ കുറിച്ച് നടന്ന ചർച്ചയിലായിരുന്നു ചിദംബരത്തിന്റെ തുറന്നുപറച്ചിൽ.
ഒരു ഉദ്യോഗസ്ഥനോടും തനിക്ക് അനാദരവില്ല. പക്ഷേ സുവർണക്ഷേത്രം ഏറ്റെടുക്കാനുള്ള തെറ്റായ മാർഗമായിരുന്നു അത്. മൂന്ന് നാല് വർഷങ്ങൾക്ക് ശേഷം സൈന്യത്തെ ഒഴിവാക്കി സുവർണക്ഷേത്രം വീണ്ടെടുക്കാനുള്ള ശരിയായ മാർഗം തങ്ങൾ കാണിച്ചുതന്നുവെന്നും ചിദംബരം പറഞ്ഞു.
ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള ഖലിസ്ഥാൻ വാദികളെ പിടികൂടാനാണ് സൈന്യം ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടത്തിയത്. 1984 ജൂൺ ഒന്ന് മുതൽ എട്ട് വരെ ആയിരുന്നു ഓപ്പറേഷൻ. സിഖ് സമുദായത്തിന്റെ ആത്മീയ കേന്ദ്രമായ സുവർണക്ഷേത്രത്തിൽ കയറിയാണ് സൈന്യം ഭിന്ദ്രൻവാലയെ വധിച്ചത്.
സൈന്യം സുവർണക്ഷേത്രത്തിൽ കയറിയത് സിഖ് സമുദായത്തിൽ വലിയ അതൃപ്തിയുണ്ടാക്കിയിരുന്നു. മാസങ്ങൾക്ക് ശേഷം 1984 ഒക്ടോബർ 31ന് സ്വന്തം അംഗരക്ഷകരായ ബിയാന്ത് സിങ്, സത്‌വന്ത് സിങ് എന്നിവരാണ് ഇന്ദിരയെ വെടിവെച്ചു കൊലപ്പെടുത്തിയത്.
















