കോതമംഗലത്തെ 23 കാരിയുടെ മരണത്തിന് കാരണം മതപരിവർത്തനമല്ല. ബിജെപി വാദം പൊളിച്ച് പൊലീസിന്‍റെ കുറ്റപത്രം. പ്രണയ ബന്ധത്തിൽ നിന്ന് ആൺ സുഹൃത്ത് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതിന് തെളിവില്ല.
കോതമംഗലത്ത് ആത്മഹത്യ ചെയ്ത ഇരുപത്തിമൂന്നുകാരി ലവ് ജിഹാദിന്‍റെ ഇരയാണെന്നായിരുന്നു ബിജെപി വാദം. രണ്ട് കേന്ദ്ര മന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കൾ പെൺകുട്ടിയുടെ വീട്ടിലെത്തുകയും ചെയ്തു. എന്നാൽ ബിജെപിയുടെ വാദങ്ങൾ പൊളിക്കുന്നതാണ് പൊലീസിന്‍റെ കുറ്റപത്രം. നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതിന് തെളിവില്ല എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ബന്ധത്തിൽ നിന്ന് ആൺ സുഹൃത്ത് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്.
ആൺ സുഹൃത്ത് റമീസാണ് കേസിലെ ഒന്നാം പ്രതി. റമീസിന്‍റെ പിതാവും മാതാവും സുഹൃത്തുമാണ് മറ്റു പ്രതികൾ. വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനം, ആത്മഹത്യാപ്രേരണ കുറ്റം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകളാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്. മറ്റ് മൂന്ന് പ്രതികൾക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണുള്ളത്. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും. 23കാരിയുടെ ആത്മഹത്യക്കുറിപ്പിൽ ആൺ സുഹൃത്ത് റമീസ്, റമീസിന്‍റെ മാതാപിതാക്കൾ എന്നിവരെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നു.
റമീസിനെ ആദ്യം പ്രതിചേർത്ത് അറസ്റ്റ് ചെയ്തെങ്കിലും, അന്വേഷണത്തിന് ശേഷമാണ് മാതാപിതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. റമീസിന്‍റെ കുടുംബം മതപരിവർത്തനത്തിന് പെൺകുട്ടിയെ നിർബന്ധിച്ചിരുന്നുവെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു
















