ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. അവസാന നിമിഷമാണ് മോദിക്ക് ഉച്ചക്കോടിയിലേക്ക് ക്ഷണം ലഭിച്ചത്. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള രാജ്യാന്തര ഉച്ചകോടിയില്‍ മോദിയുടെ പങ്കാളിത്തം പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേ സമയം, ഉച്ചകോടിയില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ഇന്ത്യയെ പ്രതിനിധീകരിക്കും. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഉള്‍പ്പെടെ ഇരുപതോളം രാഷ്ട്ര തലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുക, പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും പുതിയ യുഗത്തിനു തുടക്കം കുറിക്കുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
ഇസ്രയേല്‍, ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഭാഗികമായി സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തതിനു പിന്നാലെ നടക്കുന്ന ആദ്യത്തെ യോഗമാണിത്. പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുത്താൽ ഡോണൾഡ് ട്രംപും അദ്ദേഹവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇതു വഴിയൊരുക്കും. ട്രംപിനെ കാണുന്നതിനു പുറമേ, മധ്യപൂർവദേശത്ത് മോദിയുടെ സാന്നിധ്യം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാകും. ഇന്നലെ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
STORY HIGHLIGHT : Trump invites Modi to Egypt summit, PM’s office does not confirm participation
















