പാകിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ കുറഞ്ഞത് 23 പാകിസ്ഥാന്‍ സൈനികരും ഇരുന്നൂറിലധികം താലിബാന്‍ സൈനികരും കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ സൈന്യം. അതിര്‍ത്തി പ്രദേശങ്ങളില്‍ അഫ്ഗാന്‍ സേന നടത്തിയ പ്രകോപനമില്ലാത്ത ആക്രമണങ്ങള്‍ക്ക് മറുപടിയായി പാകിസ്ഥാന്‍ 19 അഫ്ഗാന്‍ സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായും പാക് സൈന്യം അറിയിച്ചു. 58 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ അവകാശപ്പെടുമ്പോഴാണ് പാകിസ്ഥാന്‍ സൈന്യം പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ വഴികള്‍ പാകിസ്ഥാന്‍ അടച്ചു. പാകിസ്ഥാന്‍ വീണ്ടും അഫ്ഗാന്‍ പ്രദേശത്തു കടന്നുകയറുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നു മുന്നറിയിപ്പാണ് താലിബാന്‍ നല്‍കിയിരിക്കുന്നത്. പാകിസ്ഥാനെതിരെ പോരാടുന്ന തെഹ്രീഖ്് ഇ താലിബാനെ അഫ്ഗാന്‍ സര്‍ക്കാര്‍ സഹായിക്കുന്നു എന്നു പാക് സര്‍ക്കാര്‍ ആരോപിക്കുന്നു. ഇത് തുടര്‍ന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. തുടര്‍ന്നാണ്, അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ചത്. അതേസമയം, പാകിസ്ഥാനെതിരെ പ്രകോപനത്തിന് മുതിരുന്നവര്‍ക്ക് ഉചിതമായ തിരിച്ചടി നല്‍കുമെന്നു പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു.
തങ്ങളുടെ മണ്ണില്‍ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ചാണു താലിബാന്‍ സേന പാക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചത്. പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വ്യാഴാഴ്ച രണ്ട് സ്‌ഫോടനങ്ങളും രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് മറ്റൊരു സ്‌ഫോടനവും നടന്നിരുന്നു. പാക്-അഫ്ഗാന്‍ അതിര്‍ത്തി പ്രദേശത്തെ ചന്തയിലും സ്‌ഫോടനമുണ്ടായി. ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനാണെന്നാണ് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. പാകിസ്ഥാന്‍ തങ്ങളുടെ പരമാധികാരം ലംഘിച്ചതായും ആരോപിച്ചു.
STORY HIGHLIGHT : heavy-casualties-reported-in-pak-afghan-border-clash
















