ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാറും ബന്ദികളുടെ മോചനവും സംബന്ധിച്ചുള്ള നിർണായക സമാധാന ചർച്ചകൾക്ക് വേണ്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈജിപ്തിലെത്തി. ഇന്ന് ട്രംപിന്റെ അധ്യക്ഷതയിൽ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലാണ് ഉച്ചകോടി. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിച്ചെന്ന് ഈജിപ്തിലേക്ക് പുറപ്പെടും മുൻപേ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിലനില്ക്കും. ഗാസയ്ക്കായി ഒരു സമാധാന സമിതി വേഗത്തിൽ സ്ഥാപിക്കും. ഗാസയുടെ പുനരുദ്ധാരണം വേഗത്തിലാക്കുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
മധ്യസ്ഥ ശ്രമങ്ങൾക്ക് നിർണായക പങ്കുവഹിച്ച ഖത്തറിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ട്രംപ് അഭിനന്ദിച്ചു. യുദ്ധം ജനങ്ങൾക്ക് മടുത്തെന്നും അതിനാലാണ് സമാധാന കരാർ നിലനിൽക്കുമെന്ന് താൻ പറഞ്ഞത്. മിഡിൽ ഈസ്റ്റിനെ പുനർനിർമിക്കുന്നതിനും ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കേണ്ടതിനും പ്രധാന പരിഗണന നൽകുമെന്നും ട്രംപ് പറഞ്ഞു.
















