ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്ന് തുറന്നെഴുതി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും രംഗത്ത്.
സംഭവത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എലിക്കുളം മണ്ഡലം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് ഔദ്യോഗികമായി പരാതി നൽകി.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ആത്മഹത്യ കുറിപ്പില്‍ പറയുന്ന ‘എന്‍എം’ എന്നയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ അവശ്യപ്പെട്ടു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിംസ് ജീരകം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിന്‍ മറ്റപ്പള്ളി, വി ഐ അബ്ദുല്‍ കരിം, അഭിജിത് ആര്‍ പനമറ്റം, റിച്ചു കൊപ്രാക്കളം, ജിബിന്‍ ശൗര്യാകുഴിയില്‍, മാത്യൂ നെള്ളിമലയില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്.
അതേസമയം സംഭവത്തില്‍ പ്രതികരണവുമായി വയനാട് എംപി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങള്‍ പൂര്‍ണമായും അന്വേഷിക്കാന്‍ ആര്‍എസ്എസ് തയ്യാറാകണമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. യുവാവിന്റെ ആരോപണങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തിരുന്നു.
















