കനത്ത മഴയെത്തുടർന്ന് കൊല്ലം പുനലൂരിൽ വൻ മണ്ണിടിച്ചിൽ. പച്ചയിൽമലയിലാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ ഞായർ രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. ഒരു കിലോമീറ്ററോളം ദൂരത്തിൽ മണ്ണ് കുത്തിയൊലിച്ചു. വ്യാപക കൃഷിനാശമാണുണ്ടായിരിക്കുന്നത്.
റബ്ബർ, വാഴ തുടങ്ങിയ കൃഷികളൊക്കെ നശിച്ചു. ജനവാസ മേഖലയോട് ചേർന്നാണ് മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. പ്രദേശത്ത് കനത്ത മഴയായിരുന്നു. രാത്രി ഒൻപതോടെ മലയിൽനിന്ന് ഉഗ്രശബ്ദം കേട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
പുലർച്ചെയാണ് മണ്ണിടിച്ചിലിന്റെ വ്യാപ്തി കണ്ടത്. മലയുടെ സമീപത്തായി ഇതര സംസ്ഥാന തൊഴിലാളികൾ ഷെഡിൽ നേരത്തെ താമസിച്ചിരുന്നു. രണ്ട് ദിവസം മുൻപാണ് തൊഴിലാളികളെ അവിടെ നിന്ന് മാറ്റിയത്.
















