പുതിയ വാഹനം വാങ്ങുമ്പോൾ അതിൽ സുരക്ഷ മുഖ്യ ഘടകമാണ്. ക്രാഷ് ടെസ്റ്റുകളിലെ പോയിന്റുകൾ വാഹനത്തിന്റെ തിരഞ്ഞെടുപ്പിനെ ഒരു പരിതി വരെ സ്വാധീനിക്കുന്നുണ്ട്. കുറച്ചു നാളുകൾക്ക് മുമ്പ് ഇന്ത്യയിൽ ആരംഭിച്ച ഭാരത് ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (എൻസിഎപി) ക്ലാഷ് ടെസ്റ്റിലും ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (എന്‍സിഎപി) പോലുള്ള ക്രാഷ് ടെസ്റ്റിലുമെല്ലാം വാഹനങ്ങളെ അയച്ച് നിർമാതാക്കൾ ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കുക്കാറുമുണ്ട്.
എസ്‍യുവികൾക്കാണ് ഇന്ത്യൻ വിപണിയിൽ കൂടുതൽ ആവശ്യക്കാരെങ്കിലും സെഡാനുകൾ ഒട്ടും പിന്നിലല്ല. രാജ്യത്ത് ഏറ്റവും കുടുതൽ വിൽക്കുന്ന പത്തു കാറുകളിലെ സ്ഥിരം സാന്നിധ്യമായ ഡിസയർ മുതൽ നിരവധി മികച്ച സെഡാനുകൾ വിപണിയിലുണ്ട്. ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിലും ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിലും അഞ്ച് സ്റ്റാർ സുരക്ഷ നേടിയ സെഡാനുകൾ ഏതെന്ന് നോക്കാം.
മാരുതി സുസുക്കി ഡിസയർ
ഭാരത് എന്‍സിഎപിയിലും ഗ്ലോബൽ എൻസിഎപിയിലും 5 സ്റ്റാര്‍ സുരക്ഷയാണ് മാരുതി സുസുക്കി ഡിസയർ നേടിയത്. മുതിര്‍ന്നവരുടേയും കുട്ടികളുടേയും വിഭാഗത്തില്‍ 5 സ്റ്റാര്‍ സുരക്ഷ നേടാന്‍ മാരുതി സുസുക്കി ഡിസയറിന് സാധിച്ചു. മാരുതിയല്ലേ ഒരു സുരക്ഷയുമുണ്ടാവില്ലെന്ന പതിവു പല്ലവികളെ ഒറ്റയടിക്ക് ഇല്ലാതാക്കിയാണ്. ഭാരത് എൻസിഎപിയിൽ മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 32ല്‍ 29.46 പോയിന്റുകള്‍ നേടിക്കൊണ്ടാണ് മാരുതി സുസുക്കിയുടെ ഈ സെഡാന്‍ മോഡല്‍ മികച്ച പ്രകടനം നടത്തിയത്. കുട്ടികളുടെ സുരക്ഷയില്‍ സാധ്യമായ 49ല്‍ 41.57 പോയിന്റ് നേടാനും ഡിസയറിന് സാധിച്ചു. മാരുതി സുസുക്കിയുടെ മോഡലുകളില്‍ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടുന്ന ആദ്യ മോഡലാണ് ഡിസയര്‍.
മുതിര്‍ന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ താരതമ്യേന മികച്ച സുരക്ഷ ഡിസയര്‍ നല്‍കുന്നുവെന്നാണ് ക്രാഷ് ടെസ്റ്റ് ഫലം പറയുന്നത്. ക്രാഷ് ടെസ്റ്റിന്റെ ഭാഗമായി മുന്നിലെ കൂട്ടിയിടിയും മൂവബിള്‍ സൈഡ് ഇംപാക്ട്, സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റുകള്‍ നടത്തി. ഡ്രൈവറുടെ നെഞ്ച് ഭാഗത്തിന് താരതമ്യേന കുറഞ്ഞ സംരക്ഷണമാണെന്നതാണ് 16ല്‍ 14.17 പോയിന്റിലേക്ക് കുറയാനിടയാക്കിയത്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലും മികച്ച പ്രകടനം നടത്താന്‍ ഡിസയറിന് സാധിച്ചു. ഡൈനാമിക് ടെസ്റ്റിങില്‍ സാധ്യമായ 24 പോയിന്റില്‍ 23.57 പോയിന്റാണ് ഡിസയര്‍ നേടിയത്. ചെല്‍ഡ് റിസ്‌ട്രെയിന്റ് സിസ്റ്റം ഇന്‍സ്റ്റലേഷനില്‍ സാധ്യമായ 12 പോയിന്റും നേടാന്‍ ഡിസയറിന് സാധിച്ചിട്ടുണ്ട്. വെഹിക്കിള്‍ അസെസ്‌മെന്റ് സ്‌കോറില്‍ 13ല്‍ ആറു പോയിന്റ് മാത്രമാണ് ഡിസയറിന് നേടാനായത്. ഇതാണ് കുട്ടികളുടെ സുരക്ഷയില്‍ പോയിന്റുകള്‍ കുറക്കാന്‍ ഇടയാക്കിയത്. എന്നിട്ടും 5 സ്റ്റാര്‍ സുരക്ഷ കുട്ടികളുടെ കാര്യത്തിലും ഉറപ്പിക്കാന്‍ ഡിസയറിന് സാധിച്ചു.
ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടസ്
സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടസ് തെളിയിച്ചതും 2023ലാണ.് ജിഎന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ ഈ മോഡൽ നേടി. മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 34ല്‍ 29.71 ആണ് വെര്‍ട്ടസ് നേടിയത്. കുട്ടികളുടെ സുരക്ഷയിലാവട്ടെ 49ല്‍ 42ഉം ഇവര്‍ സ്വന്തമാക്കി. സൈഡ് ഇംപാക്ട് ടെസ്റ്റില്‍ 17ല്‍ 14.2 പോയിന്റു നേടിയ ഈ കാർ UN 127, GTR9 പെഡസ്ട്രിയന്‍ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്.
കാൽനടയാത്രക്കാരുടെ ഉൾപ്പെടെയുള്ളവരുടെ സുരക്ഷയുടെ കാര്യത്തിലും 53 ശതമാനം റേറ്റിങ് നേടാൻ ഫോക്സ്‌വാഗന്റെ സെഡാന് സാധിച്ചു. 48ൽ 25.48 പോയിന്റ് വാഹനം നേടി. സുരക്ഷ അനുബന്ധ സംവിധാനങ്ങളിലും ഫോക്സ്‌വാഗൻ പിൻഗാമി വാഹനങ്ങളെപ്പോലെ തന്നെ മികവു പുലർത്തിയാണ് വെർട്യൂസ് സുരക്ഷ റേറ്റിങ് കരസ്ഥമാക്കിയത്. 85 ശതമാനം പരീക്ഷണങ്ങളും മറികടക്കാൻ സാധിച്ചതോടെ 43 പോയിന്റിൽ 36.54ഉം വാഹനം കരസ്ഥമാക്കി.
സ്കോഡ സ്ലാവിയ
സ്കോഡ സ്‌ളാവിയ ഫോക്സ്‌വാഗൻ വെർട്ടസുമായി പ്ലാറ്റ്‌ഫോമും മറ്റ് ഘടകങ്ങളും പങ്കിടുന്ന മോഡലാണ്. വെർട്ടസിനെപ്പോലെ തന്നെ സ്‌ളാവിയയ്ക്കും ഗ്ലോബൽ എൻസിഎപിയിൽ അഞ്ച് സ്റ്റാർ റേറ്റിങ്ങുണ്ട്. എഒപി, സിഒപി സ്കോറുകളും സ്റ്റാൻഡേർഡ് സുരക്ഷാ ഉപകരണങ്ങളുടെ പട്ടികയും ഇരുകാറിനും സമാനമാണ്. വിർറ്റസിനെപ്പോലെ, സ്ലാവിയയും ഡ്രൈവറുടെയും മുൻ സീറ്റ് യാത്രക്കാരന്റെയും ശരീരത്തിന്റെ മിക്ക ഭാഗങ്ങൾക്കും മികച്ച സംരക്ഷണം നൽകുന്നു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 34ല്‍ 29.71 ആണ് വെര്‍ട്ടസ് നേടിയത്. കുട്ടികളുടെ സുരക്ഷയിലാവട്ടെ 49ല്‍ 42ഉം ഇവര്‍ സ്വന്തമാക്കി.
ഹ്യുണ്ടേയ് വെർന
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്ന ആദ്യ ഇന്ത്യൻ നിർമിത ഹ്യുണ്ടേയ് കാറാണ് വെർന. മുതിർന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും വെർന അഞ്ച് സ്റ്റാർ നേടി. മുതിർന്നവരുടെ സുരക്ഷയിൽ 34 പോയിന്റിൽ 28.18 പോയിന്റുകൾ വെർന നേടി. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ 49 പോയിന്റിൽ 42 പോയിന്റും വെർന നേടി. അതിൽ ചൈൽഡ് റിസ്രെയിന്റ് സിസ്റ്റത്തിലേയും (12 പോയിന്റ്) ഡയനാമിക്ക് സ്കോറിലേയും (24 പോയിന്റ്) മുഴുവൻ പോയിന്റുകളും വെർന നേടി. ആറ് എയർബാഗുകൾ, ESC, ISOFIX മൗണ്ടുകൾ, എല്ലാ സീറ്റുകൾക്കുമുള്ള സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ സ്റ്റാൻഡേർഡായി വെർനയിൽ സജ്ജീകരിച്ചിട്ടുണ്ട്.
















