ഹോട്ടലുകളിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വെച്ചിരുന്ന പണപ്പെട്ടികൾ സ്ഥിരമായി മോഷ്ടിച്ചിരുന്ന ‘മോഷ്ടാവ്’ പിടിയിൽ. തൃശ്ശൂർ ചാഴൂർ സ്വദേശിയായ സന്തോഷ് കുമാർ ആണ് അറസ്റ്റിലായത്. മോഷണത്തിനായി ഇയാൾ സ്വീകരിച്ചിരുന്ന രീതി പോലീസിനെ പോലും അമ്പരപ്പിച്ചു.
ഹോട്ടലിലെ മാനേജരുമായി സംസാരിച്ച ശേഷം പുറത്തുപോകാനായി ഇറങ്ങുന്ന സമയത്താണ് ഇയാൾ തട്ടിപ്പ് തുടങ്ങുന്നത്. പോക്കറ്റിൽ നിന്ന് ഒരു പൊതിയെടുക്കുന്ന ഇയാൾ, അതിലുള്ള ചില്ലറ നോട്ടുകളാക്കി മാറ്റാനാണെന്ന വ്യാജേന സഞ്ചി മേശപ്പുറത്ത് വെയ്ക്കും.
ഈ സഞ്ചി ഉപയോഗിച്ച്, ഹോട്ടൽ മാനേജരുടെ ശ്രദ്ധ തെറ്റിച്ച് ചാരിറ്റിക്കായി വെച്ചിരുന്ന പണപ്പെട്ടി മറയ്ക്കുന്നതാണ് പ്രധാന അടവ്. ഈ സമയം കടയിൽ മറ്റാരെങ്കിലും വരുന്നുണ്ടോ എന്നും ഇയാൾ ശ്രദ്ധിക്കും. ആരും കാണാതെ, ഈ പണപ്പെട്ടി സഞ്ചിയിൽ ഒളിപ്പിച്ച് ഹോട്ടലിൽ നിന്ന് മുങ്ങുകയാണ് ഇയാൾ ചെയ്തിരുന്നത്.
ഹോട്ടലുകളിലെ പണപ്പെട്ടി കാണാതായതോടെ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, ഇയാളുടെ അതിവിദഗ്ധമായ മോഷണരീതി ശ്രദ്ധയിൽപ്പെടുകയുമായിരുന്നു. തുടർന്ന് ഹോട്ടൽ ഉടമകൾ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സന്തോഷ് കുമാർ പിടിയിലായത്.
ഇയാൾ 20-ഓളം ഹോട്ടലുകളിൽ സമാനമായ മോഷണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു ഹോട്ടലിൽ ഇയാൾ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
















