കൊച്ചി: അരുന്ധതി റോയിയുടെ പുസ്തകം ‘മദർ മേരി കംസ് ടു മി’യുടെ വിൽപന തടയണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. കവർപേജിൽ പുകവലി ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദത്തിനു കാരണമായത്.
പൊതുതാൽപര്യ ഹർജി സ്വന്തം പബ്ലിസിറ്റിക്കുവേണ്ടിയും വ്യക്തിപരമായ അധിക്ഷേപം ലക്ഷ്യമാക്കിയും നൽകാനുള്ളതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. .
എഴുത്തുകാരി പുക വലിക്കുന്ന ചിത്രമുള്ള കവർപേജിൽ ‘പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്നു മുന്നറിയിപ്പ് നൽകാത്തത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് അഡ്വ. രാജസിംഹൻ നൽകിയ ഹർജിയാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്. പുകവലി നിയന്ത്രണത്തിനുള്ള ‘കോട്‌പ’ നിയമ പ്രകാരം പരാതികൾ പരിഗണിക്കാൻ വിദഗ്ധ സ്റ്റിയറിങ് കമ്മിറ്റിയുണ്ടെന്നും അവിടെ സമീപിക്കാതെ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നെന്നും കോടതി പറഞ്ഞു. പുസ്തകത്തിലെ നിരാകരണക്കുറിപ്പ് ഉൾപ്പെടെയുള്ള വസ്തുതകളും നിലവിലെ നിയമവും പരിഗണിക്കാതെയാണ് ഹർജിക്കാരൻ പൊതുതാൽപര്യ ഹർജിയുമായി കോടതിയെ സമീപിച്ചത് എന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
















