കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമേന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ. 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് മർദിച്ചെന്നും റൂറൽ എസ് പി പരസ്യമായി സമ്മതിച്ച സാഹചര്യത്തിൽ പൊലീസുകാർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം പരാതി നല്‍കിയത്.
സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കുമാണ് ഷാഫി പരാതി നൽകിയത്. വടകര ഡിവൈഎസ്‍പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്‍പി എൻ.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് തന്നെ ആക്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
അതിനിടെ, ഷാഫി പറമ്പിലിനെതിരായ മർദനത്തിൽ ഗൂഢാലോചയുണ്ടെന്നും അത് പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. എസ് പി ഓർഡർ കൊടുക്കാതെ എങ്ങനെ ലാത്തിചാർജ് നടന്നു എന്നതിന് മറുപടി വേണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സ്വർണപ്പാളി പ്രശ്നത്തിൽ നിന്ന് തലയൂരാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ഷാഫി പറമ്പിൽ എംപിയെ പൊലീസ് തല്ലിയത് ശരിയല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടിയും പറഞ്ഞു. ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കോൺഗ്രസ്. എസ്പിയുടെ സംഭാഷണം അറിയാതെ പുറത്തുവന്നതാണെന്നും ഷാഫിയെ മർദിച്ചതിലെ ഗൂഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും സതീശൻ ആവശ്യപ്പെട്ടു.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
















