ന്യുഡൽഹി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ഒ.ജെ.ജനീഷിനെ പ്രഖ്യാപിച്ചു. ബിനു ചുള്ളിയിലാണ് വർക്കിംഗ് പ്രസിഡന്റ്. ദേശിയ പ്രസിഡന്റ് ഉദയ് ബാനു ചിബ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അബിൻ വർക്കി, കെ.എം അഭിജിത്ത് എന്നവർ ദേശിയ സെക്രട്ടറിമാരാവും. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു ഒ.ജെ ജനീഷ്.
ലൈംഗികാരോപണം ഉയർന്നത് പിന്നാലെ രാഹുൽ മാങ്കൂട്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. നിലിവിലെ വൈസ് പ്രസിഡന്റുമാരായ ഒ.ജെ ജനീഷ്, അബിൻ വർക്കി, ദേശിയ സെക്രട്ടറിയായ ബിനു ചുള്ളിയിൽ മുൻ കെഎസ് യു സംസ്ഥാന പ്രസിഡന്റായ കെ.എം.അഭിജിത്ത് എന്നിവർ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
ബിനു ചുള്ളിയിലിന് വേണ്ടി കെ.സി വേണുഗോപാലും അബിൻ വർക്കിക്ക് വേണ്ടി രമേശ് ചെന്നിത്തലയും സജീവമായി രംഗത്തുണ്ടായിരുന്നു. കെ.എം.അഭിജിത്തിന് വേണ്ടി എം.കെ രാഘവൻ ഉൾപ്പടെയുള്ളവർ സജീവമായി ഇടപെട്ടിരുന്നു. കഴിഞ്ഞ സംഘടന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതും സാമുദായിക പരിഗണനയും ജനീഷിന് അനുകൂലമായി.
















