ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ പങ്കിട്ടു. ജോയല്‍ മോക്കിര്‍, ഫിലിപ്പ് അഗിയോണ്‍, പീറ്റര്‍ ഹൗവിറ്റ് എന്നിവര്‍ക്ക് നൊബേല്‍ സമ്മാനം നല്‍കാന്‍ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് തീരുമാനിച്ചു. നൂതനമായ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് വിശദീകരിച്ചതിനാണ് പുരസ്‌കാരം. പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും എങ്ങനെയാണ് സമ്പദ്വ്യവസ്ഥകളില്‍ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ഇന്ധനമാകുന്നത് എന്നാണ് അവര്‍ പഠിച്ചത്. ഈ വളര്‍ച്ച തുടരാന്‍ എന്തൊക്കെ സാഹചര്യങ്ങളാണ് വേണ്ടതെന്നും അവര്‍ പരിശോധിച്ചു. ഇതില്‍ നവീകരണാധിഷ്ഠിത സാമ്പത്തിക വളര്‍ച്ച വിശദീകരിച്ചതിനാണ് യുഎസ് ഇല്ലിനോയിയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ജോയല്‍ മോക്കിര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.
സാങ്കേതിക പുരോഗതിയിലൂടെയുള്ള സുസ്ഥിര വളര്‍ച്ചയുടെ മുന്‍വ്യവസ്ഥകള്‍ തിരിച്ചറിഞ്ഞതിനാണ് മറ്റു രണ്ടുപേരും പുരസ്‌കാരം പങ്കിട്ടത്. ഫിലിപ്പ് അഗിയോണ്‍ ഫ്രാന്‍സിലുള്ള പാരിസിലെ കോളജ് ദെ ഫ്രാന്‍സ്, ഐഎന്‍എസ്ഇഎഡിയിലും, യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കന്‍ സയന്‍സിലും പഠിപ്പിക്കുന്നുണ്ട്. പീറ്റര്‍ ഹൗവിറ്റ് യുഎസിലെ റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സിലുള്ള ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലാണ് പഠിപ്പിക്കുന്നത്. സുസ്ഥിര വളര്‍ച്ച സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്ന ചരിത്രപരമായ ഉറവിടങ്ങളെയാണ് ജോയല്‍ മോക്കിര്‍ മാര്‍ഗമായി സ്വീകരിച്ചത്. ഫിലിപ്പ് അഗിയോണും പീറ്റര്‍ ഹൗവിറ്റും സുസ്ഥിര വളര്‍ച്ചയ്ക്ക് പിന്നിലെ സംവിധാനങ്ങളെക്കുറിച്ചാണ് പഠിച്ചത്.
STORY HIGHLIGHT: economics-nobel-shared-by-three-research-on-innovation-driven-economic-growth
















