‘ഡിമെൻഷ്യ’ അഥവാ മറവിരോഗത്തെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കും. തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണിത്. ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ. പ്രായമായവരെയാണ് പൊതുവേ ഡിമെൻഷ്യ ബാധിക്കുന്നത്.
പല തരത്തിലുള്ള ഡിമെന്‍ഷ്യകളുണ്ട്. വാസ്‌കുലര്‍ ഡിമെന്‍ഷ്യ, ലെവി ബോഡി ഡിമെന്‍ഷ്യ, ഫ്രോണ്ടോ-ടെമ്പറല്‍ ഡിമെന്‍ഷ്യ, മിക്സഡ് ഡിമെന്‍ഷ്യ തുടങ്ങിയവ അതില്‍പ്പെടുന്നു. ഓരോ രോഗമനുസരിച്ച് ലക്ഷണങ്ങളില്‍ മാറ്റം വരാം. ഒരു വാക്ക് അല്ലെങ്കിൽ സമീപകാല സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പാടുപെടുക, പരിചയക്കാരന്റെ പേര് മറക്കുക, കാറിന്റെ താക്കോൽ പോലുള്ള വസ്തുക്കൾ പലപ്പോഴും തെറ്റായ സ്ഥാനത്ത് വെക്കുക തുടങ്ങിയവയാണ് മറവി രോഗം ഉള്ള ആളുകള്‍ കാണിക്കുന്ന ചില സാധാരണ ലക്ഷണങ്ങൾ.
ഓരോ സെക്കന്‍ഡിലും ഡിമെന്‍ഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അല്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ഡിമെന്‍ഷ്യയെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗമായി എല്ലാവരും വിലയിരുത്തുക. എന്നാല്‍ കാലുകള്‍ ദുർബലമായാലും ഡിമെൻഷ്യ സാധ്യത വര്‍ധിക്കാമെന്ന് ഏയിംസ് ആശുപത്രി ന്യൂറോസര്‍ജന്‍ ഡോ. അരുണ്‍ നയിക്ക് പറയുന്നു.
ഡിമെൻഷ്യ ആരംഭിക്കുന്നത് തലയിൽ നിന്നല്ല, കാലിൽ നിന്നാണ്
ഉദാസീനമായ ജീവിതശൈലി നിങ്ങളുടെ കാലുകളുടെ പേശികളെ ദുര്‍ബലമാക്കുന്നു. ഇത് സര്‍കോപിയ എന്ന അവസ്ഥയ്ക്ക് കാരണമാകും. ദുര്‍ബലമായ കാലുകള്‍ വൈജ്ഞാനിക തകര്‍ച്ച വേഗത്തിലാക്കുകയും ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് മുൻ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
അതായത്, സജീവമായ പേശികള്‍, തലച്ചോറിന്റെ ആരോഗ്യ വര്‍ധിപ്പിക്കുന്ന രാസവസ്തുക്കള്‍ പുറത്തുവിടുന്നു. ഈ രാസവസ്തുക്കളെ ബ്രെയിന്‍ ഡിറൈവ്‌സ് ന്യൂറോട്രോഫിക് ഫാക്ടര്‍സ്, ബിഡിഎന്‍എഫ് എന്ന് വിളിക്കുന്നു. ഇത് ഹിപ്പോകാമ്പസ് എന്നറിയപ്പെടുന്ന നിങ്ങളുടെ മെമ്മറി ഏരിയയിലെ കണക്ഷനുകള്‍ വര്‍ധിപ്പിക്കുന്നു.
നടത്തത്തിന്റെ വേഗത കുറഞ്ഞ പ്രായമായവരുടെ തലച്ചോറിന്റെ അളവു കുറവാണെന്നും വൈജ്ഞാനിക തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കാനുള്ള സാധ്യത കൂടുതലാണെന്നും 2022-ൽ നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നു. നടത്തം എന്നാൽ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുക മാത്രമല്ല, ഓരോ ചുവടുകളിലും തലച്ചോർ നിങ്ങളുടെ കാലുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു.
തലച്ചോറിന്റെ ഫ്രണ്ടൽ ലോബ് ആണ് ചലനം ആസൂത്രണം ചെയ്യുന്നത്. സെറിബെല്ലം സന്തുലിതമായി നിലനിർത്തുന്നു. സുഷുമ്ന നാഡി സിഗ്നലുകൾ വഹിക്കുന്നു. പാദങ്ങൾ തലച്ചോറിലേക്ക് തിരിച്ചും സിഗ്നലുകൾ അയക്കുന്നുണ്ട്. അതായത്, നടത്തം മന്ദഗതിയിലാവുക, അസമമാവുക അല്ലെങ്കിൽ അസ്ഥിരമാവുക തുടങ്ങിയ ലക്ഷണങ്ങൾ തലച്ചോറ് നൽകുന്ന പ്രാരംഭ മുന്നറിയിപ്പാകാം.
രക്തപ്രവാഹം
നടത്തം വെറുതെ കാലുകൾ ചലിപ്പിക്കുക മാത്രമല്ല, ഇത് തലച്ചോറിലേക്ക് പുതിയതും ഓക്സിജൻ സമ്പുഷ്ടവുമായ രക്തം പമ്പ് ചെയ്യുന്നു. കൂടാതെ ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്ത്, തലച്ചോറിനെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. എന്നാൽ കൂടുതൽ നേരം ഇരിക്കുകയും അധികം അനങ്ങാതിരിക്കുകയും ചെയ്യുമ്പോൾ, രക്തയോട്ടം കുറയുന്നു. കാലക്രമേണ, തലച്ചോറ് ചുരുങ്ങാൻ കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് നടത്തം ഹൃദയാരോഗ്യത്തിന് മാത്രമല്ല, തലച്ചോറിനും പ്രധാനമാണ്.
തലച്ചോർ വളരാൻ ബൂസ്റ്റ് ചെയ്യുന്നു
തലച്ചോറിന് വളമായി പ്രവർത്തിക്കുന്ന ഒരു പ്രകൃതിദത്ത രാസവസ്തുവാണ് BDNF (ബ്രെയിൻ-ഡെറിവേറ്റഡ് ന്യൂറോട്രോഫിക് ഫാക്ടർ). സ്ഥിരമായി നടക്കുന്നതിലൂടെ തലച്ചോറിലെ കോശങ്ങൾ വളരാനും നിലനിൽക്കാനും സഹായിക്കുന്ന ബ്രെയിൻ-ഡെറിവേറ്റഡ് ന്യൂറോട്രോഫിക് ഫാക്ടറിന്റെ ഉൽപാദനം വർധിക്കുന്നു. കൂടുതൽ നടക്കുന്തോറും ഓർമശക്തിയും മാനസികാവസ്ഥയും മെച്ചപ്പെടും.
വ്യായാമമെന്ന രീതിയിൽ സമയവും സൗകര്യവും ലഭിച്ചില്ലെങ്കിൽ പോലും നടത്തം ദൈംദിനം ജീവിതത്തിൽ ഉൾപ്പെടുത്താം. സംസാരിക്കുമ്പോൾ നടക്കുക, പിന്നിലേക്ക് എണ്ണുക, അല്ലെങ്കിൽ ഒരു ചെറിയ പസിൽ പരിഹരിക്കുക എന്നിവ നിങ്ങളുടെ തലച്ചോറിനെയും ശരീരത്തെയും ഒരുമിച്ച് പരിശീലിപ്പിക്കുന്നതിന് സഹായിക്കും, കൂടാതെ ഓർമ പ്രശ്നങ്ങൾ വൈകിപ്പിക്കാനും സഹായിച്ചേക്കാം..
















