മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ. ജാർഖണ്ഡ് സ്വദേശി സഹൻ ടുട്ടി ദിനബു (30) ആണ് പിടിയിലായത്. എൻഐഎ സംഘം മൂന്നാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ജാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാൾ കുറച്ചുനാളുകളായി എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
അന്വേഷണത്തിനിടയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ ഇന്നലെ രാത്രിയോടെ മൂന്നാർ പൊലീസിന്റെ സഹായത്തോടെ ഗൂഡാർവിള എസ്റ്റേറ്റിൽ നിന്ന് പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്നാർ പൊലീസ് സ്റ്റേഷനിൽ സുരക്ഷയിൽ പ്രതിയെ പാർപ്പിച്ചിരിക്കുകയാണ്.
സ്ഫോടന കേസിലെ 33-ാമത്തെ പ്രതിയായ ഇയാൾ ഭാര്യയുമായി എസ്റ്റേറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. ഇവരുടെ 9വയസുള്ള കുട്ടി സമീപ പ്രദേശത്തെ ഒരു ഹോസ്റ്റലിൽ നിന്നു പഠിക്കുകയാണ്.
2021ലാണ് ജാർഖണ്ഡിൽ സ്ഫോടനത്തിലൂടെ 3 പൊലീസുകാരെ പ്രതി കൊലപ്പെടുത്തിയത്. ഒന്നര വർഷം മുൻപാണ് സഹൻ കേരളത്തിൽ എത്തിയത്. സഹനൊപ്പം കൂടുതൽ ആളുകൾ കേരളത്തിൽ എത്തിയിട്ടുണ്ടാകാമെന്നാണ് എൻഐഎയുടെ നിഗമനം.
ഇവരെല്ലാം എവിടെയാണെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുക. പ്രതിയുമായി ഇന്ന് എൻഐഎ സംഘം കൊച്ചിയിൽ എത്തും.
















