മത്തി നവര മസാല കുംബിള്‍ അപ്പം തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും. വളരെ എളുപ്പമാണ്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
മത്തി – 250 ഗ്രാം
നവരഅരിപൊടി- 200 ഗ്രാം
വെര്‍ജിന്‍ഓയില്‍ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മഞ്ഞല്‍പൊടി – കാല്‍ ടീസ്പൂണ്‍
മുളക് പൊടി – അര ടീസ്പൂണ്‍
മല്ലി പൊടി – കാല്‍ ടീസ്പൂണ്‍
ഗരം മസാല – അര ടീസ്പൂണ്‍
ചെറിയ ഉള്ളി – 200 ഗ്രാം
വെളുത്തുള്ളി – 6 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷ്ണം
മല്ലി ഇല,കറി വേപ്പില – ആവശ്യത്തിന്
നെല്ലിക്ക – ഒരെണ്ണം
തക്കാളി – ഒന്ന് ചെറുത്
പച്ച മുളക് – 2 എണ്ണം
കുരുമുളക് പൊടി – കാല്‍ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
അരിപൊടി തിളച്ച വെള്ളത്തില്‍ കുഴച്ച് എടുക്കുക. ശേഷം മത്തി നന്നായി കഴുകി മുറിച്ച് എടുക്കുക. ശേഷം നെല്ലിക്ക വെളുത്തുള്ളി, ഉപ്പ്, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി ചേര്‍ത്ത് നന്നായി തേച്ച് വെക്കുക. ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് ഇത് പൊരിച്ച്എടുക്കുക. ശേഷം ഒരു കടായി അടുപ്പില്‍ വെച്ച് വെര്‍ജിന്‍ ഓയില്‍ ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളി ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് ഇഞ്ചി പച്ച മുളക് വഴറ്റുക. അതിലേക്ക് പൊരിച്ച മത്തി മുള്ള് മാറ്റി അതിലേക്ക് ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം മസാല ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം കറി വേപ്പില, മല്ലിഇല ചേര്‍ത്ത് ഇളക്കി ഇറക്കി വെക്കാം. മാവ് ഒരു പ്ലാവ് ഇലയില്‍ പരത്തി മത്തി ഫില്ലിങ് നിറച്ച് ആവിയില്‍ വേവിച്ച് എടുക്കുക. നല്ല മസാല കുമ്പിളപ്പം തയ്യാറായി.
















