ഇരുപതുകളിൽ തന്നെ ചെറുപ്പക്കാർക്കിടയിൽ ഊർജ്ജമില്ലാതെ കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്ന അവസ്ഥയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? ഇന്ത്യയിലെ മിക്ക ചെറുപ്പക്കാരും ഇന്ന് ബേൺഔട്ട് (burnout) എന്ന അവസ്ഥയെ അഭിമുഖീകരിക്കുകയാണ്. ദീർഘനാളത്തെ സമ്മർദ്ദം മൂലം ഉണ്ടാകുന്ന ശാരീരികവും മാനസികവും വൈകാരികവുമായ കടുത്ത തളർച്ചയാണ് ബേൺ ഔട്ട് എന്ന് പറയുന്നത്. വെറുമൊരു ക്ഷീണം എന്നതിനപ്പുറം ഈ തളർച്ച ജീവിത്തതിന്റെ എല്ലാ മേഖലകളേയും ഇത് ബാധിക്കുന്നു.
‘തുടർച്ചയായ സമ്മർദ്ദത്താലുണ്ടാകുന്ന അവസ്ഥ’യാണ് ബേൺഔട്ട് എന്ന് ഡോ. സൗരഭ് മെഹ്റോത്ര പറയുന്നു. കരിയറിന്റെ മധ്യഘട്ടത്തിലുണ്ടാകുന്ന പ്രശ്നമായിട്ടായിരുന്നു ഒരുകാലത്ത് ഇത് കണക്കാക്കിയിരുന്നത്. എന്നാൽ, ഇപ്പോഴിത് ഇരുപതുകളുടെ തുടക്കത്തിലുള്ളവരെപ്പോലും ബാധിക്കുന്നു. പല യുവാക്കളും ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് മാനസികമായും വൈകാരികമായും ക്ഷീണിച്ചുകൊണ്ടാണെന്നും ഡോക്ടർ പറഞ്ഞു.
പഠനം
18-നും 32-നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ യുവാക്കൾക്ക് മിതമായ തോതിൽ ബേൺഔട്ട് അനുഭവപ്പെടുന്നുണ്ടെന്നാണ് ‘ദി ഇന്റർനാഷണൽ ജേണൽ ഓഫ് ഇന്ത്യൻ സൈക്കോളജി’ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. അതിൽത്തന്നെ, 18-22, 23-27 പ്രായക്കാരിൽ ഇതു രൂക്ഷമാണ്. യുവാക്കൾ കടുത്ത സമ്മർദ്ദം നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ബേൺഔട്ടിന്റെ ലക്ഷണങ്ങൾ
- വിശ്രമിച്ചാലും വിട്ടുമാറാത്ത ക്ഷീണം
- ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട്
- പെട്ടെന്നുണ്ടാകുന്ന സ്വഭാവമാറ്റം
- പ്രചോദനമില്ലായ്മ
- എന്തിലും താത്പ്പര്യക്കുറവ്
- തലവേദന, ദഹനപ്രശ്നങ്ങൾ
എങ്ങിനെ മറികടക്കാം
വിശ്രമം
- രാത്രിയിൽ ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങാം.
- ഉത്പ്പാദനക്ഷമതയുടേയും ആരോഗ്യത്തിന്റേയും ഒഴിച്ചുകൂടാനാവാത്ത ഘടകമായി വിശ്രമത്തെ കണക്കാക്കണം.
ഡിജിറ്റൽ അതിരുകൾ നിശ്ചയിക്കാം - സ്ക്രീനുകളിൽനിന്ന് കൃത്യമായ ഇടവേളകൾ എടുക്കുക.
- സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക.
ശാരീരിക ആരോഗ്യം പ്രധാനം
- സ്ഥിരമായ വ്യായാമം, പോഷകസമ്പന്നമായ ഭക്ഷണം, ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നീ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താം. ഇത് മെച്ചപ്പെട്ട ഏകാഗ്രത, വൈകാരിക നിയന്ത്രണം, സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ് എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
മനുഷ്യബന്ധങ്ങൾ പ്രധാനം
- സൗഹൃദങ്ങളിലൂടെയോ കുടുംബത്തിലൂടെയോ ആകട്ടെ വൈകാരികമായി പിന്തുണയ്ക്കുന്ന ബന്ധങ്ങൾ ജീവിതത്തിൽ അനിവാര്യമാണ്.
മടിക്കാതെ സഹായം തേടുക
- തെറാപ്പിയും കൗൺസിലിങ്ങും സമ്മർദ്ദം നിയന്ത്രിക്കാനും പുതിയ കാഴ്ചപ്പാടുകൾ നേടാനും സഹായിക്കുന്നു.
- ബേൺഔട്ട് തുടക്കത്തിൽത്തന്നെ പരിഹരിക്കുന്നത് ഭാവിയിൽ ഉണ്ടായേക്കാവുന്ന ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളെ തടയാൻ സഹായിക്കും.
















