യാത്രാപ്രേമികളുടെ സ്വപന നഗരമാണ് യൂറോപ്പ്. യൂറോപ്പ് പോയി അടിച്ചുപൊളിച്ച് കാഴ്ചകൾ ആസ്വദിക്കണമെന്നാണ് മിക്ക ആളുകളുടെയും ഏറ്റവും വലിയ ആഗ്രഹം. എന്നാൽ ബജറ്റ് കുറവായതിനാൽ ആ ആഗ്രഹം മാറ്റിവെയ്ക്കുന്നവരുമുണ്ട്. എന്നാൽ ഇന്ത്യ വിട്ടു പോകാതെ തന്നെ യൂറോപ്പിന്റെ വൈബ് ആസ്വദിക്കാൻ കഴിയും. എങ്ങനെയെന്നല്ലേ ? ചില വൈബ് സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്.
സ്വിറ്റ്സർലൻഡിന് പകരം കശ്മീർ അല്ലെങ്കിൽ ഹിമാചൽ പ്രദേശ്
ഏതൊരു സഞ്ചാരിയുടെയും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കും സ്വിറ്റ്സർലൻഡ്. മഞ്ഞും മലകളും പച്ചപ്പു നിറഞ്ഞ താഴ്വരകളുമാണ് സ്വിറ്റ്സർലൻഡിന്റെ ആകർഷണം. എന്നാൽ, ഇതേ വൈബ് നമുക്ക് നമ്മുടെ രാജ്യത്ത് കിട്ടിയാലോ? കശ്മീരിലെ ഗുൽമർഗും ഹിമാചലിലെ ഖജ്ജിയാർ അല്ലെങ്കിൽ തിർഥൻ താഴ്വരയിൽ എത്തിയാൽ ഇതേ വൈബ് ആണ് ലഭിക്കുക. മഞ്ഞു നിറഞ്ഞ ചെരിവുകളും പൈൻ മരങ്ങൾ നിറഞ്ഞ മലകളും മനോഹരമായ കോട്ടേജുകളും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. സ്കീയിങ് ഇഷ്ടമുള്ളവർക്ക് അതിനുള്ള അവസരമുണ്ട്. മഞ്ഞ് ഇഷ്ടപ്പെടുന്നവർക്ക് ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് ഇവിടം സന്ദർശിക്കാം. പച്ചപ്പും തെളിഞ്ഞ കാലാവസ്ഥയും ഇഷ്ടപ്പെടുന്നവർക്ക് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയത്ത് ഇവിടെയെത്താം. സ്കീയിങ് കൂടാതെ ട്രെക്കിങ്, ക്യാംപിങ്, പ്രകൃതിയെ അറിഞ്ഞുള്ള നടത്തം എന്നിവയ്ക്കും അവസരമുണ്ട്.
വെനീസിന് പകരം നമ്മുടെ ആലപ്പുഴ
വെനീസിലെ കനാലുകൾ പ്രസിദ്ധമാണ്. എന്നാൽ, ആലപ്പുഴയിലെ കായൽ ടൂറിസം കൂടുതൽ ശാന്തവും സുഖകരവുമാണ്. ആലപ്പുഴയിൽ എത്തിയാൽ വഞ്ചിവീട് യാത്രകൾ നടത്തുക എന്നത് വളരെ പ്രധാനമാണ്. തെങ്ങിൻ തോപ്പുകളും ചെറിയ ഗ്രാമങ്ങളും കണ്ടുള്ള ബോട്ട് സവാരി രസകരമാണ്. വഞ്ചിവീട് യാത്രയ്ക്കിടയിൽ തനതായ കേരള ഭക്ഷണം ആസ്വദിക്കുകയും ചെയ്യാം. സെപ്തംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ആലപ്പുഴ സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം. വഞ്ചിവീട് യാത്ര കൂടാതെ പക്ഷിനിരീക്ഷണത്തിനും ഗ്രാമങ്ങൾ സന്ദർശിക്കുന്നതിനും കയർ നിർമാണ പ്രവർത്തനങ്ങൾ അറിയുന്നതിനും അവസരമുണ്ട്.
ഗ്രീസിന് പകരം പോണ്ടിച്ചേരി
വെള്ളയും നീലയും നിറങ്ങളുള്ള പോണ്ടിച്ചേരിയിലെ വീടുകൾ ഒരു ഗ്രീസ് ആംബിയൻസ് സഞ്ചാരികൾക്ക് നൽകും. ഫ്രഞ്ച് രീതിയിലുള്ള തെരുവുകളിലൂടെ നടക്കാം. കടൽത്തീരങ്ങളിലെ മനോഹരമായ കഫേകളിൽ ഇരുന്ന കോഫി ആസ്വദിക്കാം. സുഖകരമായ കാലാവസ്ഥ ആഗ്രഹിക്കുന്നവർ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയത്താണ് പോണ്ടിച്ചേരി സന്ദർശിക്കേണ്ടത്. വൈവിധ്യമാർന്ന ഫ്രഞ്ച് രുചികൾ പരീക്ഷിക്കുന്നതിന് ഒപ്പം യോഗയും ഈ നാടിന്റെ പൈതൃകമറിഞ്ഞ് ഒരു നടത്തവും ഒക്കെയാകാം.
പാരിസിന് പകരം ഉദയ്പൂരിലേക്ക് പോകാം
പാരിസ് പ്രണയത്തിന്റെ നഗരമെന്നാണ് അറിയപ്പെടുന്നത്. അതുപോലെ ഇന്ത്യയുടെ പ്രണയത്തിന്റെ നഗരമാണ് ഉദയ്പൂർ. മനോഹരമായ തടാകങ്ങളും കൊട്ടാരങ്ങളും സുന്ദരമായ സൂര്യാസ്തമയങ്ങളും ഉദയ്പൂരിന് ഒരു രാജകീയ, പ്രണയാർദ്ര അനുഭൂതി നൽകുന്നു. പിച്ചോള തടാകത്തിലെ മെഴുകുതിരി അത്താഴം സ്വപ്നതുല്യമാണ്. പ്രണയിനിക്കൊപ്പമോ പങ്കാളിക്കൊപ്പമോ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണ് ഇത്. സെപ്തംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഉദയ്പൂർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. പിച്ചോള തടാകത്തിലെ ബോട്ട് സവാരി, കൊട്ടാരസന്ദർശനങ്ങൾ, സൂര്യാസ്തമയ കാഴ്ചകൾ എന്നിവയെല്ലാം സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.
സ്കോട്ലൻഡിന് പകരം കൂർഗ്
ഇന്ത്യയുടെ സ്കോട്ലൻഡ് എന്നാണ് കൂർഗ് അറിയപ്പെടുന്നത് തന്നെ. പച്ചപ്പ് നിറഞ്ഞ മലനിരകളും മൂടൽമഞ്ഞു നിറഞ്ഞ പ്രഭാതങ്ങളും പരന്നുകിടക്കുന്ന കോഫി എസ്റ്റേറ്റുകളുമാണ് കൂർഗിന്റെ പ്രധാന ആകർഷണം. പ്രകൃതിയിൽ അലിഞ്ഞ് കുറച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് കർണാടകയിലെ ഈ സ്ഥലം പറ്റിയതാണ്. പച്ചപ്പിനൊപ്പം അൽപം ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി കൂർഗിലേക്ക് പോകാം. സെപ്തംബർ മുതൽ നവംബർ വരെയുള്ള സമയം മാർച്ച് മുതൽ മേയ് വരെയുള്ള സമയം ഇവിടം സന്ദർശിക്കാം. ട്രെക്കിങ്, പക്ഷിനിരീക്ഷണം, കാപ്പിത്തോട്ടത്തിലൂടെയുള്ള യാത്രകൾ എന്നിവ ഇഷ്ടപ്പെടുന്നവർക്ക് കൂർഗ് സന്ദർശിക്കാവുന്നതാണ്.
പ്രാഗിന് പകരം ജയ്പൂർ
ചരിത്രം കൊണ്ടും വൈവിധ്യമാർന്ന വാസ്തുവിദ്യ കൊണ്ടും സമ്പന്നമാണ് രണ്ട് നഗരങ്ങളും. പ്രാഗിൽ കോട്ടയോട് കൂടിയ സൌധങ്ങളും (castles) പഴയ തെരുവുകളുമാണ് പ്രധാന ആകർഷണമെങ്കിൽ കോട്ടകളും കൊട്ടാരങ്ങളും വർണാഭമായ വിപണികളുമാണ് ജയ്പൂരിൻ്റെ ആകർഷണം. ആംബർ കോട്ട സന്ദർശിക്കുന്നത് പഴയ കാലത്തിൻ്റെ അതേ മനോഹാരിത സഞ്ചാരികൾക്ക് നൽകുന്നു. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഒട്ടകസവാരി, പ്രാദേശിക വിപണികൾ സന്ദർശിക്കുക, കോട്ട സന്ദർശനം എന്നിവയെല്ലാം ചെയ്യാവുന്നതാണ്.
ഇറ്റലിയിലെ അമാൽഫി ബീച്ചിന് പകരം ഗോവ
വെയിൽ നിറഞ്ഞ ബീച്ചുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഗോവ. ദക്ഷിണ ഗോവയിലെ ശാന്തമായ ബീച്ചുകൾ മുതൽ വടക്കൻ ഗോവയിലെ സജീവമായ കഫേകളും മാർക്കറ്റുകളും ഇറ്റലിയിലെ അമാൽഫി തീരത്തിൻ്റെ ശാന്തമായ അന്തരീക്ഷം നൽകുന്നു. ശാന്തമായ ബീച്ചുകൾ മാത്രമല്ല വിനോദവും സംഗീതവും മികച്ച ഭക്ഷണവും ഗോവയിൽ സഞ്ചാരികളെ കാത്തിരിക്കുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഗോവ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ബീച്ച് ലൈഫ് കൂടാതെ വാട്ടർ സ്പോർട്സ്, നൈറ്റ് ലൈഫ് എന്നിവയ്ക്കും ഗോവ മികച്ച തിരഞ്ഞെടുപ്പ് ആയിരിക്കും.
















