എഴുപതുകളിലും എണ്‍പതുകളിലും തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലെ ഹിറ്റ് നായിക ആയിരുന്നു ജയപ്രദ. ശ്രീദേവിയോട് മുട്ടി ഇന്റസ്ട്രിയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത കരുത്തുറ്റ നായികയാണ് ജയപ്രദ. ഇന്ത്യൻ സിനിമയിലെ ഏറ്റവും സുന്ദരമായ മുഖം എന്നാണ് വിഖ്യാത ഫിലിം മേക്കർ സത്യജിത്ത് റായ് ജയപ്രദയെക്കുറിച്ച് പറഞ്ഞത്.
അഭിനയ മികവും ഡാൻസിലെ മികവും ജയപ്രദയെ ഉയരങ്ങളിലെത്തിച്ചു. ജയപ്രദയുടെ സൗന്ദര്യത്തെ പുകഴ്ത്താത്തവർ ഇല്ല. കരിയറിൽ തിളങ്ങിയപ്പോഴും ജയപ്രദയുടെ വ്യക്തിജീവിതം പലപ്പോഴും പ്രശ്നകലുഷിതമായിരുന്നു. എൺപതികളിൽ ജയപ്രദ ബോളിവുഡിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി. എന്നാൽ കരിയറിലെ ഏറ്റവും മികച്ച സമയത്ത് ഇൻകം ടാക്സ് നിയമക്കുരുക്കിൽ ജയപ്രദ അകപ്പെട്ടു. ആ ഘട്ടത്തിൽ ജയപ്രദയുടെ കരിയറിലും വീഴ്ചയുണ്ടായി. ഈ സമയത്താണ് നിർമാതാവ് ശ്രീകാന്ത് നഹതയുമായി ജയപ്രദ സൗഹൃദത്തിലാകുന്നത്. നിയമക്കുരുക്കുകളിൽ നിന്നും രക്ഷപ്പെടാൻ ജയപ്രദയെ ശ്രീകാന്ത് നഹത സഹായിച്ചു. ജയപ്രദയ്ക്ക് ഇദ്ദേഹത്തിന്റെ സാമീപ്യം ആശ്വാസവും ആത്മവിശ്വാസവുമായി. ഇവർ തമ്മിൽ കൂടുതൽ അടുത്തു. എന്നാൽ ശ്രീകാന്ത് നഹത അന്ന് വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമാണ്.
ചന്ദ്ര നഹത എന്നായിരുന്നു ഭാര്യയുടെ പേര്. അക്കാലത്ത് കുടുംബം തകർക്കുന്ന സ്ത്രീ എന്ന കുറ്റപ്പെടുത്തൽ ജയപ്രദയ്ക്ക് കേൾക്കേണ്ടി വന്നു. ജയപ്രദയുമായി അടുത്തെങ്കിലും ഭാര്യയുമായി ശ്രീകാന്ത് നഹത പിരിഞ്ഞില്ല. 1986 ൽ ജയപ്രദയെ ശ്രീകാന്ത് നഹത വിവാഹം ചെയ്തു. ആദ്യ ഭാര്യയുമായി പിരിയാതെയുള്ള രണ്ടാം വിവാഹം അന്ന് വലിയ വാർത്തയായി. ശ്രീകാന്തിനെ വിട്ട് മറ്റൊരു ജീവിതം ജയപ്രദയ്ക്ക് ചിന്തിക്കാൻ പറ്റുമായിരുന്നില്ല. പക്ഷെ ഈ വിവാഹം ജയപ്രദയ്ക്ക് പല നഷ്ടങ്ങളുമുണ്ടാക്കി.കടുത്ത വിമർശനങ്ങൾ പല ദിക്കിൽ നിന്നും നടി നേരിട്ടു. ശ്രീകാന്ത് നഹതയ്ക്കൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ താമസിക്കാൻ ജയപ്രദയ്ക്ക് സാധിച്ചില്ല. കരിയറിലും അക്കാലത്ത് വീഴ്ച വന്നു. ശ്രീകാന്ത് നഹതയിൽ ജയപ്രദയ്ക്ക് മക്കളില്ല. സഹോദരിയുടെ മകനെ ജയപ്രദ സ്വന്തം മകനെ പോലെ വളർത്തി.
സിന്ധു എന്നാണ് മകന്റെ പേര്. ഉയിരെ ഉയിരെ എന്ന തമിഴ് ചിത്രത്തിലൂടെ സിന്ധു അഭിനയ രംഗത്തേക്ക് കടന്ന് വന്നു. തനിക്ക് അമ്മയാകണമെന്ന ആഗ്രഹം ജയപ്രദയ്ക്കുണ്ടായിരുന്നു. എന്നാൽ ശ്രീകാന്ത് നഹതയ്ക്ക് ഇതിന് താൽപര്യമില്ലായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. വിവാഹം ചെയ്തെങ്കിലും ശ്രീകാന്ത് നഹതയുടെ ഭാര്യയായി അറിയപ്പെടാൻ ജയപ്രദയ്ക്ക് കഴിഞ്ഞില്ല.300 ലേറെ സിനിമകളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. കൂടുതലും ഹിന്ദി, തെലുങ്ക് സിനിമകളിലാണ് ജയപ്രദ അഭിനയിച്ചത്. 90 കളിൽ ജയപ്രദ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിച്ചു. തെലുങ്ക് ദേശം പാർട്ടി, സമാജ്വാദി പാർട്ടി തുടങ്ങിയ പ്രമുഖ പാർട്ടികളിൽ പ്രവർത്തിച്ചു. ആന്ധ്രപ്രദേശിലാണ് ജയപ്രദ ജനിച്ച് വളർന്നത്. ദേവദൂതൻ, പ്രണയം എന്നിവയാണ് ജയപ്രദയുടെ ശ്രദ്ധേയ മലയാള സിനിമകൾ. ഇന്ന് സിനിമാ രംഗത്ത് ജയപ്രദ സജീവമല്ല.
















