മലയാള സിനിമയുടെ അഭിമാനമായ മോഹൻലാലിനെ വാനോളം പുകഴ്ത്തി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ദൈവാനുഗ്രഹമുള്ള മുഖമാണ് മോഹൻലാലിന്റേത്, ഏത് റോളിലേക്കും അദ്ദേഹം പെട്ടെന്ന് ഇണങ്ങി ചേരുമെന്നും ബിഗ് ബി പറഞ്ഞു. കോൻ ബനേഗാ ക്രോർപതി ഷോയ്ക്കിടെ ബച്ചന് പിറന്നാളാശംസിക്കുന്ന മോഹൻലാലിന്റെ വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചിരുന്നു.
Big B’s words for Lalettan❤️#Mohanlal #AmitabhBachchan pic.twitter.com/wDH4HqEyeh
— Forum Reelz (@ForumReelz) October 13, 2025
ഇതിന് നന്ദി പറയവേയാണ് പരിപാടിയിൽ അതിഥികളായെത്തിയ ജാവേദ് അക്തർ, ഫർഹാൻ അക്തർ എന്നിവരോടായി അമിതാഭ് ബച്ചൻ മോഹൻലാലിന്റെ സൂക്ഷ്മാഭിനയത്തെക്കുറിച്ച് വ്യക്തമാക്കിയത്. “പ്രിയ അമിത് ജി, ജന്മദിനാശംസകൾ. നിങ്ങൾ പ്രചോദനത്തിൻ്റെ വറ്റാത്ത ഉറവിടമാണ്. നിങ്ങളുടെ അച്ചടക്കം, വിനയം, കരുത്ത് എന്നിവയിൽനിന്ന് ലോകം ഒരുപാട് കാര്യങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങളുമായുള്ള ഓരോ സംഭാഷണവും നിങ്ങളുടെ ജീവിതയാത്രയിൽനിന്ന് എത്രമാത്രം ഉൾക്കൊള്ളാനുണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കുന്നു. എപ്പോഴും നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ.” മോഹൻലാൽ തൻ്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
വളരെ നന്ദി മോഹൻലാൽ ജി എന്നാണ് സന്ദേശത്തിന് അമിതാഭ് ബച്ചൻ ആമുഖമായി പറഞ്ഞത്. തുടർന്ന് ജാവേദ് അക്തറിന് നേരെ തിരിഞ്ഞ് അദ്ദേഹം കൂട്ടിച്ചേർത്തു, “സർ, അദ്ദേഹത്തിന് അടുത്തിടെ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചു. അദ്ദേഹം അത്രയ്ക്ക് മികച്ച ഒരു നടനാണ്. ഏത് വേഷം നൽകിയാലും അദ്ദേഹം പൂർണ്ണമായും അതിലേക്ക് രൂപാന്തരപ്പെടും. ദൈവാനുഗ്രഹം ലഭിച്ച മുഖമാണ് അദ്ദേഹത്തിൻ്റേത്. എല്ലാ വികാരങ്ങളും അദ്ദേഹത്തിൻ്റെ ഭാവങ്ങളിലൂടെ സ്വാഭാവികമായി ഒഴുകിയെത്തുന്നു.”
ദൂരദർശന് നൽകിയ ഒരു പഴയ അഭിമുഖത്തിൽ, ഹിന്ദി സിനിമയിലെ തൻ്റെ ഏറ്റവും പ്രിയപ്പെട്ട നടൻ അമിതാഭ് ബച്ചനാണെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. എല്ലാ നല്ല നടന്മാരും അവരുടേതായ രീതിയിൽ മികച്ചവരാണ്. എന്നാൽ ഒരാളെ തിരഞ്ഞെടുക്കണമെങ്കിൽ അത് അമിതാഭ് ബച്ചൻ തന്നെയായിരിക്കും. അദ്ദേഹം രാജ്യത്തെ ഏറ്റവും മികച്ച കലാകാരന്മാരിൽ ഒരാളാണ്. പതിറ്റാണ്ടുകൾക്ക് ശേഷവും സ്വയം രൂപാന്തരപ്പെട്ട് പ്രസക്തനായി തുടരാനുള്ള അദ്ദേഹത്തിൻ്റെ കഴിവിലാണ് ആ പ്രതിഭ കുടികൊള്ളുന്നത് എന്നാണ് അന്ന് മോഹൻലാൽ പറഞ്ഞത്.
















