ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. പതിനൊന്നു വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ചായിരുന്നു സംഭവം. റൂബി (45) ആണ് മരിച്ചത്. ഭർത്താവ് വികാസ് സെഹ്റാവത്ത് (48) കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ടു. വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് നന്ദ്ഗ്രാം പൊലീസ് പറഞ്ഞു.
സംഭവ സമയത്ത് ഇവരുടെ മൂത്ത മകൾ സ്കൂളിലായിരുന്നു. മദ്യത്തിന് അടിമയായിരുന്നു വികാസ്. ഇതിന് ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. കുറച്ച് മാസങ്ങളായി റൂബിയും വികാസും രണ്ടിടങ്ങളിലായിരുന്നു താമസിച്ചിരുന്നത്.
ചൊവ്വാഴ്ച രാവിലെ പാസ്പോർട്ടും ആധാർ കാർഡും എടുക്കാനായാണ് വികാസ് റൂബി താമസിക്കുന്ന വീട്ടിലേക്ക് എത്തിയത്. അവിടെവച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് വികാസ് ഭാര്യയെ വെടിവച്ചു കൊന്നത്.
പെട്ടെന്ന് തന്നെ റൂബിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വികാസിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയെന്നും ഇയാൾ ഉപയോഗിച്ച തോക്കിന് ലൈസൻസ് ഉണ്ടോ എന്നതിനെപറ്റിയുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
















