ഹരിയാനയിൽ ജാതിവിവേചനം ആരോപിച്ച് ഐജി വൈ. പുരൻ കുമാർ ജീവനൊടുക്കിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഐജിക്കെതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിച്ചിരുന്ന സൈബർ സെൽ എഎസ്ഐ സന്ദീപ് കുമാർ സ്വയം വെടിവച്ച് മരിച്ചു.
പുരൻ കുമാർ അഴിമതിക്കാരനാണെന്നും അറസ്റ്റ് ഭയന്നു ജീവനൊടുക്കുകയായിരുന്നുവെന്നും സന്ദീപിന്റെ ആത്മഹത്യക്കുറിപ്പിൽ ആരോപിക്കുന്നു. കൃത്യമായ തെളിവുകളുണ്ടെങ്കിലും ജാതിവിവേചനം ഉന്നയിച്ച് അതെല്ലാം അട്ടിമറിക്കാനാണു പുരൻ ശ്രമിച്ചതെന്നും ശരിയായ അന്വേഷണത്തിനുവേണ്ടി താൻ ജീവൻ ബലി നൽകുകയാണെന്നും സന്ദീപിന്റെ കുറിപ്പിൽ പറയുന്നു.
മദ്യ വ്യവസായിയോട് പുരൻ കുമാറിനു വേണ്ടിയെന്നു പറഞ്ഞ് 2.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ ഹെഡ് കോൺസ്റ്റബിൾ സുശീൽ കുമാർ മുൻപ് അറസ്റ്റിലായിരുന്നു. ഈ അറസ്റ്റിൽ സന്ദീപിനു നിർണായക പങ്കുണ്ടായിരുന്നുവെന്നു മറ്റുദ്യോഗസ്ഥർ പറയുന്നു.
ഈമാസം ഏഴിനാണ് ചണ്ഡിഗഡിലെ വീട്ടിൽ പുരൻ കുമാർ സുരക്ഷാ ജീവനക്കാരന്റെ റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചത്. മരണത്തിന് ഉത്തരവാദികളെന്നു പറഞ്ഞ് 8 സഹപ്രവർത്തകരുടെ പേരുകൾ ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നു.
















