പരസ്യ വിമര്ശനത്തിലും കുത്തുവാക്കുകളിലും മനംനൊന്ത് കണ്ണൂര് എഡിഎം ആയിരുന്ന നവീന് ബാബു വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാവുകയാണ്. 2024 ഒക്ടോബർ 15ന് പുലർച്ചെയാണ് അദ്ദേഹത്തെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോകുന്ന എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ പിപി ദിവ്യയിൽ നിന്നുണ്ടായ അപമാനം ആണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് ആരോപണം.
2024 ഒക്ടോബര് 14 ന് വൈകീട്ട് നാലുമണിക്ക് സ്ഥലംമാറിപോകുന്ന കണ്ണൂര് എഡിഎം നവീന് ബാബുവിന് റവന്യു ഉദ്യോഗസ്ഥരുടെ യാത്രയയപ്പിലേക്കാണ് ക്ഷണമില്ലാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എത്തിയതും അധിക്ഷേപ പ്രസംഗം നടത്തിയതും. ദിവ്യയുടെ വാക്കുകളാണ് നവീന് ബാബുവിന്റെ ജീവനെടുത്തതെന്നാണ് കുടുംബം പറയുന്നത്.
കേരളം തന്നെ ആളി കത്തിയ കേസിൽ പാർട്ടിയും പൊലീസും താത്കാലികമായി സംരക്ഷണം നൽകിയെങ്കിലും കേസിലെ ഏക പ്രതിയായ പിപി ദിവ്യയെ പിന്നീട് പാർട്ടിയും തള്ളിപ്പറഞ്ഞു. മുൻകൂർ ജാമ്യം ലഭിക്കാതെ വന്നതോടെ പത്തുദിവസം ജയിലിലുമായി.
എഡിഎമ്മിൻ്റേത് ആത്മഹത്യയാണെന്നും അദ്ദേഹത്തിൻ്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ ദിവ്യ നടത്തിയ പ്രസംഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. കേസ് തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി രണ്ടാണ് പരിഗണിക്കുന്നത്. ഏക പ്രതി പിപി ദിവ്യയോട് ഡിസംബർ 16ന് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയും ഇതേ കോടതിയാണ് പരിഗണിക്കുന്നത്. വരാനിരിക്കുന്നത് നിയമ പോരാട്ടത്തിൻ്റെ നാളുകൾ ആണെന്നത് വ്യക്തം. സത്യം കണ്ടെത്തും വരെ പോരാടും എന്നാണ് എഡിഎമ്മിൻ്റെ കുടുംബം പറയുന്നത്.
















