രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീ പിടിച്ച് 20 പേര്‍ വെന്തുമരിച്ചു. 16 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ജയ്‌സല്‍മെറില്‍ നിന്നും ജോഥ്പുരിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം.
19 പേര്‍ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നും ഒരാള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 57 യാത്രക്കാരാണ് ബസിലുണ്ടായത്. ബസ് യാത്രയ്ക്കായി പുറപ്പെട്ട് 10 മിനിറ്റിനുള്ളില്‍ തന്നെ പുകയും തീയും ഉയരുകയായിരുന്നു.
ഷോര്‍ട്ട് സെര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ഉയര്‍ന്നയുടനെ ഡ്രൈവര്‍ ബസ് നിര്‍ത്തിയെങ്കിലും തീ പടരുകയായിരുന്നു. മരിച്ചവരുടെ ഡിഎന്‍എ പരിശോധന നടത്താനുള്ള നടപടികള്‍ ആരംഭിച്ചു.
അതേസമയം സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രഖ്യാപിച്ചു.
















