കൊച്ചി: ഹിജാബ് വിവാദം ഉണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ രണ്ട് ദിവസത്തിന് ശേഷം ഇന്ന് തുറന്നു. വിവാദത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് സ്‌കൂള്‍ അടച്ചത്. എട്ടാം ക്ലാസുകാരി ഇന്ന് സ്‌കൂളിലെത്തില്ലെന്നാണ് വിവരം. സ്‌കൂള്‍ പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
അതേസമയം വിഷയത്തില്‍ ഇന്നലെ എംപിയുടെ നേതൃത്വത്തില്‍ സമവായത്തിലെത്തിയെന്ന വിവരം പിടിഎ പ്രസിഡന്റ് തള്ളി. പിടിഎയുമായോ മാനേജ്‌മെന്റുമായോ എംപി സംസാരിച്ചിട്ടില്ല. രക്ഷിതാക്കളോട് മാത്രമായിരിക്കും സംസാരിച്ചിട്ടുണ്ടാവുക.
അവരെ ബോധവല്‍ക്കരിച്ചിട്ടുണ്ടാവാമെന്നാണ് പ്രസിഡന്റ് പറഞ്ഞത്. സ്‌കൂളിന്റെ നിയമാവലി അനുസരിച്ച് യൂണിഫോം ധരിച്ച് കുട്ടി ഇന്ന് മുതല്‍ സ്‌കൂളില്‍ എത്തുമെന്ന് പിതാവ് അറിയിച്ചിരുന്നു. ഹൈബി ഈഡന്‍ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പിതാവ് ഇക്കാര്യം അറിയിച്ചത്.
















