പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സംഘർഷത്തിനിടെ പൊലീസിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ അഞ്ച് യുഡിഎഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത് തങ്ങളല്ലെന്നും പൊലീസ് തന്നെയാണ് അത് ചെയ്തതെന്നുമുള്ള യുഡിഎഫ് വാദം ഉയരുന്നതിന് പിന്നാലെയാണ് കസ്റ്റഡിയിലേക്ക് നീങ്ങുന്നത്.
700ഓളം ആളുകൾ ഉൾപ്പെടുന്ന യുഡിഎഫിന്റെ ‘ന്യായവിരുദ്ധ’ ജനക്കൂട്ടത്തിനിടയിൽനിന്നു സ്‌ഫോടക വസ്തുക്കൾ എറിഞ്ഞ് പൊലീസുകാരുടെ ജീവൻ അപായപ്പെടുത്താനും കൃത്യനിർവഹണം തടസപ്പെടുത്താനും ശ്രമിച്ചെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്‌ഫോടക വസ്തു എറിഞ്ഞത് ‘യുഡിഎഫ് ജനവിരുദ്ധകൂട്ട’ത്തിൽനിന്നാണെന്നായിരുന്നു എഫ്ഐആറിലെ പരാമർശം.
സംഘർഷത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പൊലീസിന്റെ നടപടി. യുഡിഎഫ് പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് ഒരാള്‍ സ്‌ഫോടക വസ്തു വലിച്ചെറിയുന്നതായും പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയില്‍ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതായും ദൃശ്യത്തിൽ കണ്ടെത്തുകയായിരുന്നു.
















