ഈ വര്‍ഷം ഹജ്ജിന് ഇതിനകം തെരഞ്ഞെടുക്കപ്പെട്ട പുരുഷ മെഹ്റം ഹജ്ജിന് പോകുന്നതോടെ പിന്നീട് ഹജ്ജ് നിര്‍വ്വഹിക്കുവാന്‍ മറ്റു മെഹ്റം ഇല്ലാത്ത സ്ത്രീകള്‍ക്കായി നീക്കിവെച്ച സീറ്റിലേക്ക് സര്‍ക്കുലര്‍ നമ്പര്‍ 16 പ്രകാരം കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെ 500 സീറ്റുകളാണ് ഇതിനായി നീക്കി വെച്ചത്. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്നതാണ്. അപേക്ഷകര്‍ ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തവരാകരുത്. ഹജ്ജ് കമ്മിറ്റി മുഖേനയോ, പ്രൈവറ്റ് ഗ്രൂപ്പ് മുഖേനയോ അല്ലാതെയോ മുമ്പ് ഹജ്ജ് ചെയ്തവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
ഈ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ യോഗ്യരായ സ്ത്രീകള്‍ https://www.hajcommittee.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച് രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തിയ്യതി 2025 ഒക്ടോബര്‍ 31 ആണ്. അപേക്ഷകര്‍ക്ക് 2025 ഡിസംബര്‍ 31 വരെയെങ്കിലും കാലാവധിയുള്ള പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. അപേക്ഷയില്‍ പുരുഷ മെഹ്റവുമായുള്ള ബന്ധം വ്യക്തമാക്കണം. ഒരു കവറില്‍ പരമാവധി അഞ്ച് പേരായതിനാല്‍ നിലവില്‍ അഞ്ച് പേരുള്ള കവറുകളില്‍ മെഹ്റം ക്വാട്ട അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയില്ല. ഇതിനകം ഹജ്ജ് 2026ന് അപേക്ഷ സമര്‍പ്പിച്ച് കവര്‍ നമ്പര്‍ ലഭിച്ചവര്‍ ഈ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
CONTENT HIGH LIGHTS;Hajj 2026: Applications invited for Mehram seats
















