അതിരപ്പള്ളിയിൽ കടുവയെ കണ്ടുവെന്ന രീതിയിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡിന്റെ ഒരു വശത്ത് നിന്ന് ഇരപിടിച്ചുകൊണ്ട് മറു വശത്തേയ്ക്ക് നടന്നു പോകുന്ന കടുവയുടെ ദൃശ്യമാണിത്. “അതിരപ്പള്ളി ആണത്രേ സംഭവം” എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഒരു മാനിനെയാണ് കടുവ വലിച്ചുകൊണ്ടു പോകുന്നത് കാമാൻ കഴിയുന്നത്.
വൈറൽ വീഡിയോയുടെ കീ ഫ്രെയ്മുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വീഡിയോ rsg_ranveer എന്ന ഇൻസ്റ്റഗ്രാം പേജിൽ ഒക്ടോബർ 4ന് പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ” ഞങ്ങളുടെ റിസോർട്ടിനു മുന്നിലൂടെ കാലിയെ വലിച്ചിഴച്ചുകൊണ്ടു പോകുന്ന കോളർവാല ആൺ കടുവ” എന്നാണ് പോസ്റ്റിലെ വിവരണം. വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫറായ രൺവീർ സിംഗ് ഗൗതം എന്നാണ് ഇൻസ്റ്റഗ്രാം പേജിന്റെ ബയോ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ തഡോബ-അന്ധേരി ടൈഗർ റിസർവ് നാഷണൽ പാർക്കിനു സമീപമാണ് രൺവീർ സിംഗ് ഗൗതം റിസോർട്ട് നടത്തുന്നത്. തഡോബ ടൈഗർ റിസർവിൽ നിന്നുള്ള മറ്റ് നിരവധി വീഡിയോകളും ഈ പേജിൽ പങ്കുവച്ചിട്ടുണ്ട്.
രൺവീർ സിംഗിന്റെ ഉടമസ്ഥതയിലുള്ള ‘ദി ജംഗിൾ സഫാരി ആന്റ് സ്റ്റേ’ എന്ന റിസോർട്ടിന്റെ സോഷ്യൽ മീഡിയ പേജിലും ഒക്ടോബർ 4ന് ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
അതിരപ്പള്ളിയിൽ അടുത്തിടെ കടുവയെ കണ്ടതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും ലഭ്യമായില്ല. ഇതേപ്പറ്റി കൃത്യമായ വിവരം അറിയുന്നതിനായി ഞങ്ങൾ വനംവകുപ്പ് അധികൃതരെ ബന്ധപ്പെട്ടു. വാഴച്ചാൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുമേഷ് നൽകിയ വിവരം അനുസരിച്ച് സമീപകാലത്ത് ഈ പ്രദേശത്ത് കടുവയെ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ” ഈ വീഡിയോ എവിടെ നിന്നാണെന്ന് അറിയില്ല. വീഡിയോയിൽ കാണുന്ന രീതിയിലുള്ള റോഡും ഈ ഭാഗത്തില്ല. മാത്രമല്ല, അതിരപ്പള്ളി-വാഴച്ചാൽ മേഖലകളിൽ ഇത്തരത്തിൽ കടുവയെ കണ്ടെത്തിയ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ” ആർഎഫ്ഒ വ്യക്തമാക്കി.
ലഭ്യമായ വിവരങ്ങളിൽ നിന്ന് ഇരപിടിക്കുന്ന കടുവയുടെ വീഡിയോ അതിരപ്പള്ളിയിൽ നിന്നുള്ളതല്ലെന്നും മഹാരാഷ്ട്രയിലെ തഡോബ-അന്ധേരി ടൈഗർ റിസർവിൽ നിന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ രൺവീർ സിംഗ് ഗൗതം പകർത്തിയതാണെന്നും വ്യക്തമായി.
















