ഹിജാബ് വിഷയത്തിൽ സ്കൂൾ അധികൃതരുടെ നടപടി ചട്ടവിരുദ്ധം എന്ന് റിപ്പോർട്ടെന്ന് മന്ത്രി വി ശിവൻകുട്ടി. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. മാനേജ്മെന്റിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിഷയത്തിൽ വർഗീയത ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അത് അനുവദിക്കില്ല. മാനേജ്മെൻറ് താൽപര്യം നടപ്പിലാക്കുന്ന പി ടി എ യാണ് ഇപ്പോൾ സ്കൂളിൽ ഉള്ളത്. പ്രശ്നം അവിടെവച്ച് പരിഹരിക്കണം എന്നതാണ് സർക്കാർ നിലപാട്. അങ്ങനെ സമവായത്തിലൂടെ അവസാനിക്കുന്നെങ്കിൽ അവസാനിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.
കുട്ടിയുടെ അവകാശം നിഷേധിക്കാൻ ആർക്കും അധികാരമില്ല. കിട്ടിയ പരാതിയിൽ അന്വേഷിക്കുക എന്നതാണ് സർക്കാറിന് ചെയ്യാനുള്ളത്. പ്രശ്നം കൂടുതൽ വഷളാക്കേണ്ടതില്ല. ഇതോടുകൂടി പ്രശ്നം അവസാനിപ്പിക്കണം. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂൾ പ്രവർത്തിക്കാൻ തയ്യാറാകണം എന്നും മന്ത്രി ആവശ്യപ്പെട്ടു.
















