സമ്പന്നമായ സാംസ്കാരിക പൈതൃകം, സമൃദ്ധമായ പ്രകൃതിദൃശ്യങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ആസാമിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ജോർഹട്ട്. ചരിത്രപരമായ പ്രാധാന്യം ഏറെയുള്ള ഇവിടം സഞ്ചാരികളെ ആകർഷിക്കുന്ന മനോഹരമായ ഒരു സ്ഥലമാണ്. തേയില വ്യവസായത്തിന്റെ കേന്ദ്രം കൂടിയാണ് ഇവിടം.
ആഗോള യാത്രാ വിപണിയായ സ്കൈസ്‌കാനറിന്റെ ട്രാവൽ ട്രെൻഡ്‌സ് 2026 പുറത്തുവിട്ട പട്ടികയിലാണ് പ്രശസ്ത രാജ്യാന്തര നഗരങ്ങളെ മറികടന്ന് ജോർഹട്ട് അടുത്ത വർഷത്തേക്ക് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ യാത്രാ സ്ഥലമായി മാറിയത്.
ലോകത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപ് ബ്രഹ്മപുത്ര നദിയിലെ മാജുലിക്ക് സമീപമാണ് ജോർഹട്ട്, വിശാലമായ തേയിലത്തോട്ടങ്ങൾക്ക് ഇവിടെ പ്രസിദ്ധമാണ്.
ഇന്ത്യക്കാർ ഇപ്പോൾ അവരുടെ വ്യക്തിപരമായ താൽപര്യങ്ങളുമായി പൊരുത്തപ്പെടുന്ന ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്രകളാണ് ഇഷ്ടപ്പെടുന്നത് കൂടുതൽ ശാന്തവും തനതായ അനുഭവങ്ങളും തേടുന്നവർ തിരക്കേറിയ വിനോദസഞ്ചാര മേഖലകൾ ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നതെന്നും സ്കൈസ്‌കാനറിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. വിനോദസഞ്ചാരികൾക്കിടയിൽ ‘വൈറലായ’സ്ഥലങ്ങൾ ഒഴിവാക്കി ശാന്തവും ആധികാരികവുമായ ബദലുകൾ തിരഞ്ഞെടുക്കുന്നതാണ് ഇപ്പോൾ ട്രെൻഡ്.
2026 ൽ കൂടുതൽ യാത്ര ചെയ്യാനും ബജറ്റിന് അനുയോജ്യമായിരിക്കാനും ഇന്ത്യൻ യാത്രക്കാർ പദ്ധതിയിടുന്നത്. ഇന്ത്യൻ യാത്രക്കാരിൽ 59% പേരും അടുത്ത വർഷം യാത്രകളുടെ എണ്ണം കൂട്ടാനും വിമാനയാത്രയ്ക്കും താമസത്തിനും അത്രയും തുകയോ അതിൽ കൂടുതലോ ചെലവഴിക്കാൻ തയാറാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു, ഇത് യാത്രകൾ വർധിക്കുന്നതിനെ സൂചിപ്പിക്കുന്നു.
ജോർഹട്ടിനൊപ്പം ശ്രീലങ്കയിലെ ജാഫ്ന, ഒമാനിലെ മസ്കറ്റ് തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികളുടെ ലിസ്റ്റിലുണ്ട്. അതേസമയം ഇന്ത്യയിലെ തിരുപ്പതി, മലേഷ്യയിലെ ലങ്കാവി എന്നിവയും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങളാണ്.
ബ്രഹ്മപുത്ര സമതലം
ഉത്തരേന്ത്യൻ സമതലത്തിന്റെ ഏറ്റവും കിഴക്ക് ഭാഗം. അസം സമതലം, അസം താഴ്‌വര എന്ന പേരിൽ കൂടി അറിയപ്പെടുന്നു. ബ്രഹ്മപുത്ര നദിയും അതിന്റെ പോഷകനദികളായ ടീസ്ത, മാനസ്, ലോഹിത്, ദിബാംഗ് എന്നിവയും ചേർന്നുള്ള നിക്ഷേപണത്തിന്റെ ഫലമായുള്ള സമതലം. ഏകദേശം 720 കി.മീ നീളവും ശരാശരി 60–70 കി.മീ. വീതിയും. 56275 ച. കി.മീ. വിസ്തൃതി. വടക്ക് ഭാഗത്ത് കിഴക്കൻ ഹിമാലയവും കിഴക്ക് പത്കായി കുന്നുകളും തെക്ക് ഗാരോ കുന്നുകളും അതിർത്തി വേർതിരിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ
നദീജന്യദ്വീപ് ബ്രഹ്മപുത്ര നദിയിലെ മാജുലി ആണ്. ലോകത്തിലെ ഏറ്റവും വലിയ നദി ദ്വീപായ മാജുലി അസമിലെ ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്നു. ബ്രഹ്മപുത്ര നദിയിലൂടെയുള്ള ക്രൂയിസിങ് അസാമിലെ ഒരു ജനപ്രിയ വിനോദമാണ്. ഗുവാഹത്തിയിലെ നിലാചൽ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന കാമാഖ്യ ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. കൂടാതെ, ലോകത്തിലെ ഏറ്റവും മികച്ച തേയില ഉൽപ്പാദിപ്പിക്കുന്ന തേയിലത്തോട്ടങ്ങൾക്ക് പ്രശസ്തമാണ് അസം.
രംഗ്ഘർ, തലത്തൽ ഘർ, കരേങ് ഘർ തുടങ്ങിയ ചരിത്ര സ്മാരകങ്ങൾക്ക് പേരുകേട്ടതും, മുമ്പ് അഹോം രാജ്യത്തിൻ്റെ തലസ്ഥാനവുമായിരുന്ന ശിവസാഗർ, ചരിത്ര സ്മാരകങ്ങൾക്ക് പേരുകേട്ടതാണ്. ബംഗാൾ കടുവ, ഇന്ത്യൻ കാണ്ടാമൃഗം, ഏഷ്യൻ ആനകൾ എന്നിവയുൾപ്പെടെയുള്ള അപൂര്‍വ്വ മൃഗങ്ങളുടെ ആവാസകേന്ദ്രവും യുനെസ്കോയുടെ മറ്റൊരു ലോക പൈതൃക സ്ഥലവു മായ മാനസ് ദേശീയോദ്യാനം വന്യജീവി സഫാരി, പക്ഷിനിരീക്ഷണം, പ്രകൃതി നടത്തം എന്നിവയ്ക്കുള്ള അവസരം നല്‍കുന്നു.
വർണാഭമായ സാംസ്കാരിക പ്രകടനങ്ങൾ, പരമ്പരാഗത സംഗീതം, നൃത്തം എന്നിവയെല്ലാം നിറഞ്ഞ അസമിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ബിഹു. അത് വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കപ്പെടുന്നു. ഈ ആഘോഷസമയത്തും ഒട്ടേറെ സഞ്ചാരികള്‍ അസമിലെക്ക് ഒഴുകിയെത്തുന്നു. കൂടാതെ, മുഗ സിൽക്ക്, എറി സിൽക്ക് എന്നിങ്ങനെയുള്ള പ്രത്യേക തരം സില്‍ക്ക് തരങ്ങള്‍ക്കും രുചികരമായ പരമ്പരാഗത വിഭവങ്ങൾക്കും നൂറ്റാണ്ടുകളായി അസം പ്രസിദ്ധമാണ്.
അഞ്ഞൂറ് വര്‍ഷമായി കെടാതെ കത്തുന്ന മണ്‍വിളക്ക്; അസമിലെ ആരാധനാലയം
ഏകദേശം എഡി 1528 മുതല്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു കെടാവിളക്ക്. അസമിലെ ജോർഹട്ട് ജില്ലയിലെ ധെകിയാഖോവ ഗ്രാമത്തിലുള്ള ഒരു നാംഘറിലാണ് ഈ വിളക്ക്. കടുകെണ്ണയൊഴിച്ച് പുരോഹിതന്മാര്‍ നിത്യവും കത്തിക്കുന്ന ഈ വിളക്ക് അഞ്ഞൂറ് വര്‍ഷത്തോളമായി ആസാമിന്‍റെ ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമാണ്. ആസാമീസ് ജനതയ്ക്ക് അവരുടെ മതത്തോടും സന്യാസിമാരോടും ഉള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും ഭക്തിയുടെയും സാക്ഷിയായി ഈ മണ്‍വിളക്ക് നിലകൊള്ളുന്നു.
വിളക്കിന്‍റെ ചരിത്രം
സന്യാസിയും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന മാധവദേവന്‍ എന്ന സന്യാസിയാണ് ഇവിടെ ആദ്യമായി വിളക്കു കൊളുത്തിയതെന്നു പറയപ്പെടുന്നു. അസമിൽ 15-16 നൂറ്റാണ്ടുകളിൽ ശ്രീമന്ത ശങ്കരദേവൻ പ്രചരിപ്പിച്ച വൈഷ്ണവ ഏകശിലാ മതമായ ഏകശരണ ധർമ്മത്തിലെ ആചാര്യനായിരുന്നു മാധവദേവന്‍.ഐതിഹ്യമനുസരിച്ച്, ഏകശരണ ധർമ്മത്തിന്‍റെ പ്രചാരണാര്‍ഥം, മാധവദേവന്‍ ധേകിയാഖോവ ഗ്രാമത്തിലെത്തി. രാത്രി സമയത്ത് ദരിദ്രയായ ഒരു വൃദ്ധയുടെ കുടിലില്‍ അദ്ദേഹം അഭയം തേടി. ചോറിനൊപ്പം ഒരു കാട്ടുപച്ചക്കറി കൊണ്ടുള്ള കറി മാത്രമേ അവര്‍ക്ക് നല്കാന്‍ പറ്റിയുള്ളൂ. വൃദ്ധയ്ക്ക് അതുകൊണ്ടുതന്നെ വളരെയധികം ജാള്യതയും ലജ്ജയുമൊക്കെ ഉണ്ടായിരുന്നെങ്കിലും, സന്യാസി ആ ഭക്ഷണത്തില്‍ സംതൃപ്തനായിരുന്നു.അന്ന് തന്‍റെ സന്തോഷവും നന്ദിയും അറിയിക്കാന്‍, മാധവദേവന്‍ അവിടെ ഒരു മൺവിളക്ക് കൊളുത്തി. ദിവസവും അത് കത്തിക്കാനുള്ള ചുമതല വൃദ്ധയ്ക്ക് നല്‍കുകയും ചെയ്തു. ഏകശരണ ധർമ്മത്തിലെ ആരാധനാലയങ്ങളെ വിളിക്കുന്ന പേരാണ് നാംഘര്‍. ഇവിടെയുള്ള നാംഘര്‍ സാമാന്യം വലുതായതിനാല്‍ അതിനെ ബോർനാംഘര്‍ എന്നു വിളിക്കുന്നു.
സന്യാസിയുടെ സ്വപ്നം
ബോർനാംഘറിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. നാംഘറിന്റെ പ്രധാന സ്തംഭം ഒരു സാൽ മരത്തിൽ നിന്നും നിർമ്മിച്ചതാണെന്നു പറയപ്പെടുന്നു. ഇവിടെ ആരാധന നടത്തിയിരുന്ന ഒരു സന്യാസി ഒരിക്കല്‍ ഒരു സ്വപ്നം കണ്ടു. ബോർനാംഘറിനടുത്തുള്ള ധേകിയാഖോവ ജാൻ എന്ന നദി ഒരു സാല്‍ വൃക്ഷം വഹിച്ചുകൊണ്ട് എതിർദിശയിൽ ഒഴുകുന്നത് അദ്ദേഹം സ്വപ്നത്തില്‍ കണ്ടു. ആ മരം കൊണ്ട് നാംഘറിന്‍റെ തൂണുകള്‍ ഉണ്ടാക്കണം എന്ന് അദ്ദേഹത്തിന് വെളിപാടുണ്ടായി. അടുത്ത ദിവസം തന്നെ മരത്തിൽ നിന്ന് ബോർനംഘറിന്റെ പ്രധാന തൂണുകൾ ഉണ്ടാക്കിയത്രേ.
ആഘോഷങ്ങളും ഉത്സവങ്ങളും
എട്ടേക്കറിലധികം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന സമുച്ചയമാണ് ധേകിയാഖോവ ബോർനാംഘര്‍. ഭക്തരിൽ നിന്നുള്ള സംഭാവനകൾ ഉപയോഗിച്ച് ഒരു മാനേജിങ് കമ്മിറ്റിയാണ് നാമഘറും മറ്റ് സൗകര്യങ്ങളും പരിപാലിക്കുന്നത്. സമുച്ചയത്തിന്റെ അറ്റകുറ്റപ്പണികൾ കൂടാതെ, ഈ കമ്മിറ്റി വിവിധ സാമൂഹിക സാംസ്കാരിക പരിപാടികൾ സ്പോൺസർ ചെയ്യുന്നു. ദിവസേനയുള്ള ആരാധനകൾക്കുപുറമെ നിരവധി ഉത്സവങ്ങളും ഇവിടെ നടക്കുന്നു.
ആഗസ്റ്റ് പകുതി മുതൽ സെപ്റ്റംബർ പകുതി വരെ നടക്കുന്ന പാൽ നാം, സെപ്റ്റംബർ പകുതി മുതൽ ഒക്ടോബർ പകുതി വരെയുള്ള ആഹിൻ മാസത്തിലെ ശ്രീമന്ത ശങ്കർദേവ ജന്മദിനം, മേയ് 15 മുതൽ ജൂൺ 15 വരെയുള്ള ജേത് മാസത്തിലെ മാധവദേവ ജന്മദിനം എന്നിവ കൂടാതെ, ചൈത്ര മാസത്തിലെ മൊഹോത്സവ്, നവംബർ മാസത്തിലെ രാസ് ലീല എന്നിവയും ഒട്ടേറെ ഭക്തരെയും സഞ്ചാരികളെയും ആകര്‍ഷിക്കുന്നു.
















