ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന ഉടമ്പടിക്ക് പിന്നാലെ ഗാസയിൽ മറ്റൊരു സംഘർഷം നടക്കുകയാണ്. ഇതിൽ ഇസ്രായേല്‍ സൈന്യമില്ല. ഹമാസും, ഗാസയിലെ മറ്റ് സായുധ ഗ്രൂപ്പുകളും തമ്മിലാണ് സംഘർഷം. ഹമാസും ഗോത്രവിഭാഗമായ ഡോഗ്മുഷും (Doghmush) തമ്മിലാണ് സംഘർഷം.
ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസാം ബ്രിഗേഡിലെ സൈനികർ കൊല്ലപ്പെട്ട സംഭവം ശനിയാഴ്ചയാണ് ഉണ്ടായത്. ഇതിനു പിന്നിൽ ഡോഗ്മുഷ് വിഭാഗക്കാരായിരുന്നു. ഡോമുഷുകാർക്ക് ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. എന്നാൽ ഡോഗ്മുഷ് നേതാക്കൾ ഇത് നിഷേധിക്കുന്നു. ഗാസ സിറ്റിയിലെ ഡോമുഷ് തലവൻ നിസാർ ഡോഗ്‌മുഷ് അടുത്തിടെ ഇസ്രായേലിൽ നിന്നെത്തിയ ഒരു സഖ്യവാഗ്ദാനം വേണ്ടെന്നു വെച്ചതായി പറയുകയുണ്ടായി. തന്റെ നിഷേധത്തിനു പിന്നാലെ ഇസ്രായേൽ തന്റെ അയൽപ്രദേശം ബോംബിട്ടതായും അദ്ദേഹം ആരോപിച്ചു.
ഗാസയിലെ മറഞ്ഞിരിക്കുന്ന അധികാര പോരാട്ടം
പലസ്തീൻ രാഷ്ട്രീയത്തിൽ ഹമാസ്, ഫതാഹ്, പി.എൽ.ഒ., പാലസ്തീൻ അതോറിറ്റി (PA) എന്നിവയാണ് പ്രധാന ഘടകങ്ങൾ എന്ന് പൊതുവേ കരുതപ്പെടുന്നു. 2007 മുതൽ ഗാസയെ ഹമാസ് പൂർണമായും നിയന്ത്രിക്കുന്നുവെന്നാണ് വിശ്വാസം. എന്നാൽ, ഹമാസ് ഇസ്രയേൽ സമാധാന ഉടമ്പടിക്ക് തൊട്ടുപിന്നാലെ, ഹമാസും ഗോത്രവിഭാഗമായ ഡോഗ്മുഷും (Doghmush) തമ്മിലുണ്ടായ സംഘർഷം ആ ധാരണ പൂർണ്ണമായും ശരിയല്ലെന്ന് സൂചിപ്പിക്കുന്നു. ഹമാസിൻ്റെ രണ്ട് സൈനികരെ ഡോഗ്മുഷ് ആക്രമിച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ടു. 52 ഡോഗ്മുഷ് അംഗങ്ങളും ചില ഹമാസ് പോരാളികളും കൊല്ലപ്പെട്ടു.
ഗാസയിലെ അൽ-സബ്രാ പ്രദേശത്ത് ആസ്ഥാനം ഉള്ള ഡോഗ്മുഷ് ഗോത്രം, ആയുധശക്തിയേറിയ സ്വാധീനമുള്ള വിഭാഗമാണ്. ഇവർ ചില ഘട്ടങ്ങളിൽ ഹമാസിനോടും ഫതാഹിനോടും ചേർന്നപ്പോൾ, ചിലപ്പോൾ ഫതാഹ്, ഹമാസ്, എന്നിവയിൽ നിന്നു വേർപ്പെട്ട് രൂപംകൊണ്ട മറ്റൊരു ശക്തമായ സായുധസംഘടനയായ പോപ്പുലർ റെസിസ്റ്റൻസ് കമ്മിറ്റികളുമായി (Popular Resistance Committees: PRC) കൂട്ടുകെട്ടുണ്ടാക്കി.
ഹമാസ്, ഡോഗ്മുഷ് ഗോത്ര വിഭാഗത്തെ തങ്ങളുടെ അധികാരത്തെ വെല്ലുവിളിക്കുന്ന സായുധവിഭാഗം എന്ന നിലയിൽ കാണുമ്പോൾ, ഡോഗ്മുഷ് ഗോത്രം ഹമാസ് തങ്ങളുടെ പരമ്പരാഗത ഗോത്രാധിപത്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചു വരുന്നു. ഇരുവരും തമ്മിൽ നിരന്തരമായ സംശയങ്ങളും ഏറ്റുമുട്ടലുകളും നിലനിന്നുവരുന്നു. PRC ദുർബലപ്പെട്ടെങ്കിലും ഇപ്പോഴും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു വിഭാഗമായി ഗാസയിലെ ഗോത്രാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഭാഗമായി തുടരുന്നു. ഈ സംഭവം ഗാസയിലെ ആന്തരിക വിഭജനങ്ങളിലേക്കും അധികാര പോരാട്ടങ്ങളിലേക്കും വെളിച്ചം വീശുന്നു.
















