എ.ഐ ഇമേജ് ജനറേറ്ററായ MAI-Image-1 അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. MAI-Image-1 ഫോട്ടോറിയലിസ്റ്റിക് വിഷ്വലുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നാണ് ടെക് ഭീമന്റെ അവകാശ വാദം. മറ്റ് AI മോഡലുകളെ അപേക്ഷിച്ച് ഇത് വേഗതയേറിയതാണെന്നും മികച്ച നിലവാരമുള്ള ചിത്രങ്ങൾ ഉത്പാദിപ്പിക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.
MAI-Image-1 എന്നു പേരിട്ട ടൂൾ, ഓപൺ എ.ഐയോടുള്ള ആശ്രിതത്വം കുറക്കുക കൂടി ലക്ഷ്യമിട്ടാണ് കമ്പനി അവതരിപ്പിക്കുന്നത്. പൂർണമായും മൈക്രോസോഫ്റ്റ് ലാബിൽ നിർമിക്കപ്പെട്ട ‘മായ്’ (മൈക്രോസോഫ്റ്റ് എ.ഐ) നവീനമായ ഫീച്ചറുകളുമായാണ് കളം പിടിക്കാനിറങ്ങുന്നത്.
ക്രിയേറ്റർമാർക്ക് മൂല്യമുള്ള ഫലം ലക്ഷ്യമിട്ടുള്ള ടൂൾ, ആവർത്തനമാർന്നതും സാർവത്രിക ശൈലിയിലുള്ളതുമായ ഔട്ട്പുട്ടുകൾ നൽകില്ലെന്നും കമ്പനി അവകാശപ്പെടുന്നു. ‘‘ഫോട്ടോ റിയലിസ്റ്റിക് ഇമേജുകൾ ജനറേറ്റ് ചെയ്യാൻ MAI-Image-1 ന് കൂടുതൽ വൈദഗ്ധ്യമുണ്ട്. ലൈറ്റിങ്, റിഫ്ലക്ഷൻസ്, ലാൻഡ്സ്കേപ് തുടങ്ങിയവയിൽ ഏറെ കൃത്യതയാർന്ന പ്രകടനം ഇതിനു കാഴ്ചവെക്കാൻ സാധിക്കും.’’ -മൈക്രോസോഫ്റ്റ് പറയുന്നു.
വിവിധ എ.ഐ മോഡലുകളുടെ ഔട്ട്പുട്ട് വിലയിരുത്തുന്ന ‘എൽ.എം അറീന’ (LMArena) ടോപ് ടെൻ റാങ്കിങ്ങിൽ ‘മായ്’ ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ഇപ്പോൾ LMArena യിൽ മാത്രം ലഭ്യമാക്കിയിരിക്കുന്ന ‘മായ്’ ഉടൻതന്നെ‘ മൈേക്രോസോഫ്റ്റിന്റെ പൈലറ്റി’നും ‘ബിങ്ങി’നും ഒപ്പം ലഭിക്കും.
















