പണ്ടൊക്കെ വീടുകളില്‍ വളരെ അപൂര്‍വമായി മാത്രം കണ്ടിരുന്ന ഒന്നാണ് പിസ്ത അഥവാ പിസ്താഷിയോ. ഗൾഫിൽ നിന്ന് അവധിക്കെത്തുന്ന പ്രവാസികൾ തങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കൊണ്ടുവന്നിരുന്ന അമൂല്യ സമ്മാനങ്ങളിൽ ഒന്നായിരുന്നു പിസ്ത. എന്നാൽ ഇന്ന് നാട്ടിൽ സുലഭമാണ് ഈ കുഞ്ഞൻ.
പലതരം ചോക്ലേറ്റുകൾ, ഈത്തപ്പഴം, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയുടെ കൂട്ടത്തിൽ, പച്ചനിറത്തിലുള്ള ഈ ചെറിയ നട്സും നമ്മുടെ പ്രിയങ്കരം ആയി കഴിഞ്ഞു. ഓരോ തോടും ശ്രദ്ധാപൂർവം പൊളിച്ച്, അതിനുള്ളിലെ പച്ച പിസ്ത പരിപ്പ് എടുത്ത് വായിലിടുമ്പോൾ അതൊരു പ്രത്യേക അനുഭവം തന്നെയാണ് അല്ലെ?
പുതിയൊരു പഠനത്തിൽ പ്രായമാകുമ്പോൾ സംഭവിക്കുന്ന കാഴ്ച മങ്ങൽ മറികടക്കാൻ ദിവസവും രണ്ട് പിടി പിസ്ത കഴിച്ചാൽ മതിയെന്ന് ഗവേഷകർ പറയുന്നു. ടഫ്റ്റ്സ് സർവകലാശാല ഗവേഷകർ നടത്തിയൊരു പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രായമായവരിൽ കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണമായ മാക്യുലർ ഡീജനറേഷൻ തടയാൻ പിസ്തയിൽ അടങ്ങിയ ല്യൂട്ടിൻ സഹായിക്കുമെന്ന് കണ്ടെത്തി.
എന്താണ് മാക്കുലാർ ഡീജനറേഷൻ?
കണ്ണിന്റെ റെറ്റിനയിലെ മൂർച്ചയുള്ളതും കേന്ദ്രീകൃതവുമായ കാഴ്ചശക്തിക്ക് കാരണമാകുന്ന ഭാഗമാണ് മാക്കുല. പ്രായമാകുമ്പോൾ മാക്കുലയെ ബാധിക്കുന്ന അവസ്ഥയാണ് മാക്കുലാർ ഡീജനറേഷൻ. ഇത് ക്രമേണ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു.
















