സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അസോസിയേറ്റ് ഡയറക്ടർക്കെതിരെ നിയമ നടപടിയുമായി വേഫെറർ ഫിലിംസ്. ആരോപണത്തിന് വിധേയനായ ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെ തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി നൽകി. കാസ്റ്റിങ് കൗച്ചിന്റെ പേരിൽ വേഫെറര്‍ ഫിലിംസിനെ അപകീർത്തിപ്പെടുത്തിയതിനാണ് ദിനിൽ ബാബുവിനെതിരെ പരാതി നൽകിയത്. വേഫെറര്‍ ഫിലിംസിന്റെ കാസ്റ്റിങ് കോളുകൾ ദുൽഖർ സൽമാന്റെയോ വേഫെറര്‍ ഫിലിംസിന്റെയോ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴി മാത്രമേ പുറത്ത് വരൂ എന്നും മറ്റു തരത്തിലുള്ള വ്യാജ കാസ്റ്റിങ് കോളുകൾ കണ്ട് വഞ്ചിതരാകരുതെന്നും കമ്പനി അറിയിച്ചു.
ദിനിൽ ബാബുവുമായി വേഫെറര്‍ ഫിലിംസിനു യാതൊരു ബന്ധവും ഇല്ലെന്നും വേഫേററിന്റെ ഒരു ചിത്രത്തിലും ദിനിൽ ഭാഗമല്ലെന്നും കമ്പനി വ്യക്തമാക്കി. വേഫെറര്‍ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണാമെന്നും പറഞ്ഞ് ദിനിൽ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറിൽ ഉള്ള വേഫെററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തിൽ വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. അവിടെ എത്തിയ തന്നെ ദിനിൽ ബാബു ഒരു മുറിയിലേക്ക് കൊണ്ടുപോയി അടച്ചിട്ടു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി.
STORY HIGHLIGHT : Wayfarer Films Files Complaint Against Chief Associate Director
















