കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തില്‍ അഗ്നിബാധയ്ക്കിടെ സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി മോഷണം നടത്തിയ യുവതി അറസ്റ്റില്‍. കടയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മോഷ്ടാവിനെ പിടികൂടിയത്.
മോഷ്ടിച്ചെടുത്ത സാധനങ്ങളുടെ വില ഈടാക്കി താക്കീത് നല്‍കി യുവതിയെ വിട്ടയച്ചു. കെ വി കോംപ്ലക്‌സില്‍ അഗ്നിബാധയുണ്ടായി നഗരം നടുങ്ങി നില്‍ക്കുമ്പോഴാണ് പര്‍ദ ധരിച്ചെത്തിയ യുവതി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പതിനായിരം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞത്. തീപിടിത്തമുണ്ടായ ഭാഗത്തിന് എതിര്‍വശത്തുളള നിബ്രാസ് ഹൈപ്പര്‍മാര്‍ക്കറ്റിലായിരുന്നു മോഷണം.
സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് പുറത്ത് അഗ്നിബാധയെത്തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തിനുളളിലേക്ക് നടന്നിറങ്ങിയാണ് യുവതി സ്ഥലംവിട്ടത്. ഇവര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ പൊലീസില്‍ പരാതി നല്‍കി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
തളിപ്പറമ്പിനടുത്തുളള ഒരു പഞ്ചായത്തിലെ യുവതിയാണ് മോഷണം നടത്തിയതെന്നാണ് വിവരം. മറ്റൊരു സ്ത്രീയും സമാനമായ രീതിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷണം നടത്താൻ ശ്രമിച്ചെങ്കിലും കയ്യോടെ പിടിക്കപ്പെട്ടു.
















