കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ ഉൾവലിഞ്ഞു. ദീർഘ നേരത്തേക്ക് വലിയ രീതിയിൽ കടൽ ഉൾവലിഞ്ഞത് കണ്ട് സന്ദർശകർ പരിഭ്രാന്തിയിലായി.
എങ്കിലും തിരകളില്ലാതെ കടൽ നിശ്ചലമായി കിടക്കുന്നത് കാണാൻ നിരവധിപ്പേരാണ് ഇവിടേക്ക് എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടൽ അൽപം ഉൾവലിഞ്ഞ സ്ഥിതിയാണ് ഇവിടെ അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പെട്ടന്ന് തന്നെ കടൽ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചെത്താറുമുണ്ട്.
എന്നാൽ ഇന്ന് അനുഭവപ്പെട്ടത് പോലെ ദീർഘ നേരത്തേക്ക് വലിയ രീതിയിൽ കടൽ ഉൾവലിയുന്ന രീതിയല്ല കഴിഞ്ഞ ദിവസങ്ങളിലുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. കള്ളക്കടൽ പ്രതിഭാസമാണ് സംഭവിച്ചതെന്നാണ് സൂചന. രാത്രിയിൽ ശക്തമായ തിരമാലയുണ്ടാവാൻ സാധ്യതയുള്ളതിനാൽ പരിസരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
















