ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരിൽ നിന്നും പണം വാങ്ങി പണവും പലിശയും തിരികെ കൊടുക്കാതെ ഒന്നരകോടി രൂപ തട്ടിയെടുത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ദമ്പതികൾ പൊലീസ് പിടിയിൽ. ചിയാരം കണ്ണംകുളങ്ങര സ്വദേശി വാലത്ത് വീട്ടിൽ രംഗനാഥൻ, ഭാര്യ വാസന്തി രംഗനാഥൻ എന്നവരെയാണ് ഈസ്റ്റ് പോലീസും അസിസ്റ്റൻറ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് അതിസാഹസികമായി പിടികൂടിയത്.
ത്യശൂർ പറവട്ടാനിയിലെ മെൽക്കർ ഫിനാൻസ് എന്ന സ്ഥാപനം നടത്തി വന്ന പ്രതികൾ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ പന്ത്രണ്ടര മുതൽ പതിമൂന്നര ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം ചെയ്‌ത പണവും നിക്ഷപിച്ച പണവും തിരിച്ച് ലഭിക്കാതെ ആയപ്പോൾ ഈസ്റ്റ് സ്റ്റേഷനിൽ നിക്ഷേപകർ പരാതികളുമായെത്തി.
അഞ്ചോളം പരാതികളാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. മരത്താക്കര സ്വദേശിയുടെ പരാതിയിൽ കേസ് രെജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസ് ആയതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ണംകുളങ്ങരയിൽ നിന്നും പിടികൂടുകയായിരുന്നു.
ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളിൽ അഞ്ചുകേസുകളാണ് രെജിസ്റ്റർ ചെയ്തത്. 5 കേസുകളിലായി ഒന്നര കോടി രൂപയോളമാണ് പ്രതികൾ തട്ടിയെടുത്തത്. പേരാമംഗലം, നെടുപുഴ, ചാലക്കുടി, എന്നീ പൊലീസ് സ്റ്റേഷനുകളിലും കൊല്ലം മലപ്പുറം ജില്ലയിലുമായി പതിനൊന്നോളം കേസുകൾ പ്രതികൾക്കെതിരെ രെജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വിവിധ ജില്ലകളിലായി മൊത്തം ഇരുന്നൂറ്റി എഴുപതിലധികം കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണക്ക്. കൂടാതെ സ്ഥാപനത്തിനെതിരെ നിരവധി പരാതികളും പല സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്നുമുണ്ട്.
















