കണ്ണൂർ: കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എല്ലാവരും മരിച്ചു. ഒക്ടോബർ 9 ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവരിൽ ഒരാൾ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു ബാക്കി മൂന്നുപേരും ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് മരിക്കുകയായിരുന്നു.
ഒഡീഷ സ്വദേശി സുഭാഷ് ബെഹറ (53) ആണ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണപ്പെട്ടത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ബാക്കി മൂന്നുപേരും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു ഇതിനിടെയാണ് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചത്. ഒഡീഷ കുർദ് സ്വദേശികളായ ശിവ ബെഹറ (35), നിഗം ബെഹറ (40), ജീതു (28) എന്നിവരാണ് മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പഴയങ്ങാടിയിലെ ഒറ്റ മുറി വീട്ടിലെ ഗ്യാസ് സിലിണ്ടറിന് പിടിച്ചതും അപകടമുണ്ടായതും. വ്യാഴാഴ്ച രാത്രി ഭക്ഷണം പാകം ചെയ്ത ശേഷം ഗ്യാസ് സിലിണ്ടർ ഓഫാക്കാൻ ഇവർ മറന്നിരുന്നു. പിറ്റേന്ന് രാവിലെ എഴുനേറ്റ് ഭക്ഷണമുണ്ടാക്കാനായി തൊഴിലാളികളിൽ ഒരാൾ സ്റ്റൗവിന് തീകൊളുത്താൻ ശ്രമിച്ചതോടെയായിരുന്നു തീപിടിത്തമുണ്ടായത്.















