തിരുവനന്തപുരം: ജി.സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2020ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സുധാകരന് ഗുരുതര വീഴ്ചയുണ്ടായെന്നും സുധാകരൻ തെരഞ്ഞെടുപ്പ് ഫണ്ട് അട്ടിമറിച്ചെന്നും കാട്ടിയാണ് നടപടിയെടുത്തത്.
തെരഞ്ഞെടുപ്പ് ഫലത്തെ ദോഷം ചെയ്യുന്ന നിലപാടുകൾ സുധാകരന്‍റെ ഭാഗത്ത് നിന്നുണ്ടായെന്നും രേഖയിൽ പറയുന്നു. പാർട്ടി ഭരണഘടന അനുശാസിക്കുന്ന ഉയർന്ന അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
അമ്പലപ്പുഴ മണ്ഡലത്തിനു മതിയായ തുക നൽകിയില്ല. ലഭിച്ച ഫണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പലിശയ്ക്ക് പണം കടമെടുക്കേണ്ടി വന്നു ജി.സുധാകരനു മനഃപൂര്‍വമായ വീഴ്ചയുണ്ടായി. സ്ഥാനാർഥി എച്ച്.സലാം എസ്‍ഡിപിഐക്കാരനാണെന്ന പ്രചാരണത്തിൽ സുധാകരൻ മൗനം പാലിച്ചു. മണ്ഡലത്തിലെ ചുമതലക്കാരനെന്ന നിലയിൽ ഉത്തരവാദിത്തം നിറവേറ്റിയില്ല. പാർട്ടി ഭരണഘടന അനുശാസിക്കുന്ന ഉയർന്ന അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പാർട്ടി സ്ഥാനാർഥി ജയിച്ചതും ദീർഘകാലസേവനവും പരിഗണിച്ചാണ് പരസ്യ ശാസനയിൽ ഒതുക്കിയത്.
കഴിഞ്ഞ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാണ് ജി.സുധാകരനെതിരെ പരാതി ലഭിച്ചത്. എളമരം കരീം, കെ.ജെ.തോമസ് എന്നിവർ അംഗങ്ങളായ കമ്മീഷനാണ് പരാതി പരിശോധിച്ചത്. അന്വേഷണ റിപ്പോർട്ട് സംസ്ഥാന സമിതി അവതരിപ്പിച്ചപ്പോൾ സുധാകരൻ പറയാനുള്ളതും കേട്ടിരുന്നുവെന്നും രേഖയിൽ വ്യക്തമാക്കുന്നു.
















