ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാരയില് ചുമ മരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു. അംബിക വിശ്വകര്‍മ എന്ന മൂന്ന് വയസുകാരിയാണ് മരിച്ചത്. ചുമ മരുന്ന് കഴിച്ചതിന് പിന്നാലെ കുഞ്ഞിന്റെ കിഡ്നി തകരാറിലായിരുന്നു. നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അംബികയുടെ മരണം. ഇതോടെ മധ്യപ്രദേശില്‍ ചുമ മരുന്ന് കഴിച്ചുള്ള മരണം 25 ആയി ഉയര്‍ന്നു.
സെപ്റ്റംബര്‍ 14നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആരോഗ്യനിലയില്‍ ഒരു പുരോഗതിയും കാണിച്ചിരുന്നില്ലെന്നും ചിന്ദ്വാര അഡീഷണല്‍ കളക്ടര്‍ ധിരേന്ദ്ര സിങ് പറഞ്ഞു.
ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ കുട്ടിക്ക് ചുമയുടെ മരുന്ന് നല്‍കുകയായിരുന്നുവെന്നും കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ചിന്ദ്വാരയില് നിന്നും ബെടുല്‍ ജില്ലയില്‍ നിന്നും ഓരോ കുട്ടി വീതം നഗ്പൂരില്‍ ചികിത്സയിലാണ്.
















