തിരുവനന്തപുരം: ഹിജാബ് വിവാദത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സ്കൂൾ മാനേജ്മെന്‍റും പിടിഎയും പ്രതികരിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.
സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും ആക്ഷേപിക്കാനാണ് ശ്രമിച്ചത്. സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ട. ഭരണഘടനയും കോടതി വിധിയും മാനിച്ച് മുന്നോട്ട് പോകണം. ഇല്ലെങ്കിൽ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്. സ്കൂളിൻ്റെ പിടിഎ തെരഞ്ഞെടുപ്പ് അശാസ്ത്രീയം എന്നും കണ്ടെത്തിയിരുന്നു.
മാനേജ്മെൻ്റിൻ്റെ താൽപര്യം സംരക്ഷിക്കുന്ന രീതിയിൽ ആണ് പിടിഎ തെരഞ്ഞെടുപ്പെന്നും കുട്ടിയെ ക്ലാസ്സിൽ കയറ്റാതെ പുറത്ത് നിർത്തിയ നടപടി ഗുരുതര കൃത്യവിലോപമാണെന്നും ഉപഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ വ്യക്തമായ ലംഘനം നടന്നതായും പറയുന്നു.
















