മലയാളികൾക്ക് രാമേശ്വരത്തേക്ക് ഇനി നേരിട്ട് പോകാം. തിരുവനന്തപുരത്തു നിന്ന് മധുരയിലേക്കുള്ള അമൃത എക്സ്പ്രസ് ഇന്നു മുതൽ രാമേശ്വരം വരെ സർവീസ് നടത്തും. ഇതോടെ ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടനകേന്ദ്രമായ രാമേശ്വരത്തേക്ക് കേരളത്തിൽനിന്നുള്ള ഏക തീവണ്ടിയായി അമൃത എക്സ്പ്രസ് മാറി.
സാധാരണ മധുരയിൽ ട്രെയിൻ ഇറങ്ങി അവിടെ നിന്ന് അടുത്ത ട്രെയിൻ അല്ലെങ്കിൽ ബസ് പിടിച്ച് രാമേശ്വരത്തിന് പോകുന്നതാണ് രീതി. എന്നാൽ, ഇനി കേരളത്തിൽ നിന്നുള്ളവർക്ക് രാമേശ്വരത്തേക്ക് നേരിട്ട് എത്താം.
തിരുവനന്തപുരം സെൻട്രൽ – മധുര – തിരുവനന്തപുരം സെൻട്രൽ 16343/16344 അമൃത എക്സ്പ്രസ് ആണ് രാമേശ്വരം വരെ നീട്ടിയത്. തിരുവനന്തപുരം സെൻട്രൽ – രാമേശ്വരം അമൃത എക്സ്പ്രസ്, ട്രെയിൻ നമ്പർ – 16343, ഒക്ടോബർ 16 രാത്രി എട്ടു മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കും. അടുത്ത ദിവസം ഉച്ചയ്ക്ക് 12.45ന് ട്രെയിൻ രാമേശ്വരത്ത് എത്തും.
രാമേശ്വരത്ത് നിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക്, ട്രെയിൻ നമ്പർ 16344 , 17ന് ഉച്ചയ്ക്ക് 1.30ന് സർവീസ് ആരംഭിക്കും. അടുത്ത ദിവസം പുലർച്ചെ 4.55ന് ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ എത്തും. രാമേശ്വരത്ത് പുതിയ പാമ്പൻ പാലം തുറന്നതോടെയാണ് അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടാൻ റെയിൽവേ തീരുമാനിച്ചത്. മധുരക്കും രാമേശ്വരത്തിനുമിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളാണ് അധികമായി വരുന്നത്.
ഏറെക്കാലമായി കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല. മീറ്റർ ഗേജ് കാലഘട്ടത്തിൽ പാലക്കാട് നിന്നു രാമേശ്വരം ട്രെയിനുകളുണ്ടായി രുന്നെങ്കിലും ഗേജ് മാറ്റത്തിന്റെ പേരിൽ അവ നിർത്തലാക്കിയിരുന്നു. 2018ൽ ഗേജ് മാറ്റം പൂർത്തിയായിട്ടും രാമേശ്വരം സർവീസുകൾ പുനഃരാരംഭിച്ചിരുന്നില്ല. അമൃത രാമേശ്വരത്തേക്കു നീട്ടണമെന്ന ഏറെ നാളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായത്. നിരവധി തീർത്ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
രാമനാഥസ്വാമി ക്ഷേത്രം
രാമേശ്വരത്ത് തീർഥാടകരെ ഏറ്റവും അധികം ആകർഷിക്കുന്ന ഒന്നാണ് രാമനാഥസ്വാമി ക്ഷേത്രം. ഇന്ത്യയിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത് ശിവ ഭഗവാനാണ്. താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശ്രീരാമൻ ഇവിടെ വെച്ച് ശിവനോട് പ്രാർത്ഥിച്ചുവെന്നാണ് വിശ്വാസം. ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒന്നായാണ് ഇത് കണക്കാക്കുന്നത്.
ധനുഷ്കോടി
പ്രേതനഗരം എന്ന വിശേഷണമാണ് ധനുഷ്കോടിക്കുള്ളത്. 1964ൽ രാമേശ്വരത്ത് ഉണ്ടായ അതിഭയങ്കരമായ ചുഴലി കൊടുങ്കാറ്റിനെ തുടർന്ന് ഈ നഗരം പൂർണമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇന്നും ഈ പ്രദേശത്ത് കാര്യമായ ജനവാസമില്ല. തമിഴ്നാടിൻ്റെ കിഴക്കൻ തീരത്ത് ഏകദേശം തെക്കോട്ടു മാറി മാന്നാർ ഉൾക്കടലിലേക്ക് നീണ്ടു കിടക്കുന്ന രാമേശ്വരം ദ്വീപിൻ്റെ തെക്കേ അറ്റമാണിത്. ഇതിന് കിഴക്ക് ഭാഗത്ത് ബംഗാൾ ഉൾക്കടലും പടിഞ്ഞാറ് ഭാഗത്ത് ഇന്ത്യൻ മഹാസമുദ്രവുമാണ്. ധനുസ്സിന്റെ അറ്റം എന്നാണ് ധനുഷ്കോടി എന്ന വാക്കിന്റെ അർത്ഥം. രാമൻ സേതുബന്ധനം തീർത്തത് ഇവിടെനിണ് എന്നാണ് രാമായണത്തിൽ പറയുന്നത്. നിരവധി സഞ്ചാരികളാണ് ഓരോ ദിവസവും ഇവിടേക്ക് എത്തുന്നത്.
ഡോ എ പി ജെ അബ്ദുൾ കലാം മെമ്മോറിയൽ
ഇന്ത്യയുടെ മുൻ രാഷ്ട്രപതി ആയിരുന്ന ഡോ എ പി ജെ അബ്ദുൾ കലാമിന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകമാണ് ഇത്. തമിഴ്നാട്ടിലെ രാമേശ്വരത്ത് പെയ്കറുമ്പുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 2.11 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ സ്മാരകം 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. കലാമിൻ്റെ താൽപര്യങ്ങളും ഇഷ്ടങ്ങളും കണക്കിലെടുത്ത് ശ്രദ്ധാപൂർവമായ ആസൂത്രണത്തിലൂടെയാണ് സ്മാരകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്മാരകത്തിന് പുറത്തുള്ള പൂന്തോട്ടം ഒരു മുഗൾ ഉദ്യാനത്തോട് സാമ്യമുള്ളതാണ്. ബംഗളൂരു, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന സസ്യങ്ങൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.
പാമ്പൻപാലം
1870കളിൽ ബ്രിട്ടീഷ് സർക്കാർ ശ്രീലങ്കയിലേക്കുള്ള വ്യാപാരബന്ധം വികസിപ്പിക്കാൻ തീരുമാനിച്ചപ്പോഴാണ് പാമ്പൻ പാലത്തിൻ്റെ നിർമാണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അപകട മുന്നറിയിപ്പിനെ തുടര്‍ന്ന് 1914ൽ നിർമിതമായ പഴയ പാമ്പന്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം 2022 ഡിസംബര്‍ 23 മുതൽ നിർത്തി വെച്ചിരിക്കുകയായിരുന്നു. ഈ വർഷം ഏപ്രിലിലാണ് പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. പാമ്പൻ പാലം ഇപ്പോൾ ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍ പാലമാണ് പുതിയ പാമ്പന്‍ പാലം. പുതിയ പാമ്പൻ പാലത്തിന് രണ്ടര കിലോമീറ്റർ നീളമാണുള്ളത്. പുതിയ പാമ്പന്‍ പാലം കുത്തനെ ഉയര്‍ത്താനും താഴ്ത്താനും ഇലക്ട്രോ മെക്കാനിക്കല്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റാണ് ഉപയോഗിക്കുന്നത്. പുതിയ പാമ്പന്‍ പാലം 22 മീറ്റര്‍ വരെ സമുദ്ര നിരപ്പില്‍ നിന്നും ഉയര്‍ത്താനാവും. ഇതോടെ കൂടുതല്‍ വലിയ ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും ഇതുവഴി സഞ്ചരിക്കാന്‍ സാധിക്കും. പുതിയ പാമ്പന്‍ പാലത്തിലൂടെ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗതയില്‍ ട്രെയിനുകള്‍ക്കു സഞ്ചരിക്കാൻ കഴിയും. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അടക്കമുള്ളവ ഉപയോഗിച്ചുള്ള നിര്‍മാണം പാലത്തിന്റെ ആയുസ് കൂട്ടും.
രാമസേതു
രാമേശ്വരത്തെ ശ്രീലങ്കയിലെ മാന്നാർ ദ്വീപുമായി ബന്ധിപ്പിക്കുന്ന സ്ഥലമാണ് രാമേശ്വരം. 48 കിലോമീറ്റർ നീളമുള്ള രാമസേതു പ്രകൃതിദത്ത ചുണ്ണാമ്പുകല്ലുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. രാമായണത്തിൽ രാമനും വാനരസൈന്യവും നിർമിച്ച പാലമായാണ് രാമസേതുവിനെ പരാമർശിക്കുന്നത്. 1480 വരെ സമുദ്രനിരപ്പിന് മുകളിലായിരുന്നു രാമസേതു എന്നാണ് ക്ഷേത്രരേഖകൾ സൂചിപ്പിക്കുന്നത്. പ്രകൃതിദുരന്തങ്ങൾ കാരണം കടലിൽ മുങ്ങിപ്പോയതായാണ് കണക്കാക്കുന്നത്. വിശ്വാസപരമായും ശാസ്ത്രീയമായും വിവിധ വിശദീകരണങ്ങൾ രാമസേതുവിനുണ്ട്. നിരവധി സഞ്ചാരികൾ ആണ് ഓരോ വർഷവും രാമസേതു അഥവാ ആദാമിൻ്റെ പാലം കാണാൻ ഇവിടേക്ക് എത്തുന്നത്.
















