ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്റൈനില്‍ എത്തി. വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച പുലര്‍ച്ചെ 12.40ന് തിരുവനന്തപുരത്തു നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വര്‍ഗീസ് കുര്യ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി ശ്രീജിത്ത്, ചെയര്‍മാന്‍ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈര്‍ കണ്ണൂര്‍, ഷാനവാസ്, ബഹ്റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ലുലു കണ്‍ട്രി മാനേജര്‍ ജൂസര്‍ രുപവാല തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

എട്ടു വര്‍ഷത്തിനു ശേഷം ബഹ്റൈനില്‍ എത്തിയ മുഖ്യമന്ത്രിക്ക് ഉജ്വല സ്വീകരണമൊരുക്കാന്‍ ഒരുങ്ങിയിരിക്കയാണ് മലയാളി സമൂഹം. മലയാളം മിഷനും ലോക കേരള സഭയും ചേര്‍ന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്. പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായി. സംഗമത്തില്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, മന്ത്രി സജി ചെറിയാന്‍, പത്മശ്രീ എംഎ യൂസഫ് അലി എന്നിവര്‍ വിശിഷ്ടാതിഥികളാകും.

ബഹ്റൈനിലെ മനാമയില്‍ വെള്ളിയാഴ്ച മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമമാണ് ആദ്യ പരിപാടി. ഇതില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാന്‍ ഇന്നു ബഹ്റൈനിലേക്കു പോകും. ഡിസംബര്‍ ഒന്നു വരെ അഞ്ചുഘട്ടങ്ങളിലാണു പര്യടനം. മുഖ്യമന്ത്രിയുടെ ആദ്യഘട്ട സന്ദര്‍ശനം 19 വരെയാണു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ 18നും 19നും പങ്കെടുക്കേണ്ട പരിപാടികള്‍ക്കു സൗദി സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കാതെ വന്നതോടെ അവ ഒഴിവാക്കി. ഈ സാഹചര്യത്തില്‍ 18നു കേരളത്തിലേക്കു മടങ്ങിയേക്കും.
20നു കണ്ണൂരില്‍ സിപിഎമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 21നു കോഴിക്കോട്ടു മുഖ്യമന്ത്രിക്കു പരിപാടിയുണ്ട്. അന്നേദിവസം, രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സ്വീകരിക്കാന്‍ ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്ത് എത്തും. 22നും 23നും തലസ്ഥാനത്തുണ്ടാകും. 23നു രാവിലെ രാജ്ഭവനിലെ കെ.ആര്‍.നാരായണന്‍ പ്രതിമ രാഷ്ട്രപതി അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ കൂടി പങ്കെടുത്ത ശേഷമാകും ഒമാനിലെ മസ്‌കത്തില്‍ 24നു നടക്കുന്ന പരിപാടിക്കായി യാത്ര തിരിക്കുക.
CONTENT HIGH LIGHTS; Chief Minister in Bahrain: Expatriate Malayali meeting tomorrow; Expatriate Malayalis to receive a warm welcome
















